മൂവാറ്റുപുഴ: മഹാപ്രളയത്തില്‍ വെള്ളം കയറി നാശം വിതച്ച മൂവാറ്റുപുഴ ടൗണ്‍ യു.പി.സ്കൂളിന് കലാകാരന്മാരുടെ സംഘടനയായ ഓള് കേരള സിംഗേഴ്സ് ആന്റ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ (അക്സ)യുടെ കൈതാങ്ങ്. മൂവാറ്റുപുഴയില്‍ പ്രളയമുണ്ടാകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ച് വന്നിരുന്ന മൂവാറ്റുപുഴ ടൗണ്‍ യു.പി.സ്കൂളില്‍ ഇക്കുറിയുണ്ടായ മഹാപ്രളയത്തില്‍ നിരവധി ഉപകരണങ്ങളാണ് നശിച്ചത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകംചെയ്യുന്ന ഗ്യാസ് അടുപ്പ്, മിക്സി, പാത്രങ്ങള്‍, സ്കൂളിലെ മൈക്ക് സെറ്റ്, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവയെല്ലാം വെള്ളം കയറി നശിച്ചിരുന്നു. ജനപ്രതിനിധികളുടെയും, സ്കൂള്‍ ഹെഡ്മിസ്ട്രസിന്റെയും, അധ്യാപകരുടെയും, പി.ടി.എയുടെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഇവ പുനസ്ഥാപിക്കാനുള്ള തീവൃശ്രമത്തിലാണ്.
കുട്ടികള്‍ അസംമ്പിളിയ്ക്കും, മറ്റ് പരിപാടികള്‍ക്കും ഉപയോഗിക്കുന്ന മൈക്ക് സെറ്റിന്റെ രണ്ട് സ്പീക്കറുകള്‍ വെള്ളം കയറി നശിച്ചിരുന്നു. സ്പീക്കറുകളും, ഗ്യാസ് അടുപ്പും, കുട്ടികള്‍ക്ക് ആഹാരം പാകംചെയ്യുന്നതിനായി ഉപയോഗിക്കുന്ന വിവിധ പാത്രങ്ങളും അക്സ ഭാരവാഹികള്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.എ.റംലത്തിന് കൈമാറി. ഇതോടനുബന്ധിച്ച് നടന്ന യോഗം അക്സ ചെയര്മാന് എം.ഐ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.എ.റംലത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം.ഉസ്മാന് മൂവാറ്റുപുഴ സ്വാഗതം പറഞ്ഞു. ട്രഷറര്‍ അലി കല്ലാമല, ബേസില്‍.സി.മാത്യു, ഒ.എ.ബഷീര്‍, ഷിബു പാലത്തിങ്കല്‍, എം.എസ്.സഹീര്‍, അഭിജിത്ത് ജയന്, അന്‍സാര്‍ മാറാടി, അബു അലി എന്നിവര്‍ നേതൃത്വം നല്കി. ചടങ്ങില്‍ അന്തരിച്ച ചലചിത്രതാരം ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രളയ ബാധിത മേഖലയില്‍ അക്സയുടെ നേതൃത്വത്തില്‍ ക്ലോറിന്‍ പൗഡറുകളും വിതരണം നടത്തിയിരുന്നു.


