വാഴക്കുളം: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം രണ്ടാം ദിനം പിന്നിട്ടപ്പോള്‍ 754 പോയിന്റുമായി തൃശൂര്‍ സഹോദയ മുന്നേറ്റം തുടരുന്നു. 663 പോയിന്റുമായി മലബാര്‍ സഹോദയ ആണ് തൊട്ടുപിന്നില്‍. 640 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയ മൂന്നാം സ്ഥാനത്തുണ്ട്. കാറ്റഗറി ഒന്നില്‍ 94 പോയിന്റുമായി തൃശൂര്‍ സഹോദയ ഓണം സ്ഥാനായതും കാറ്റഗറി രണ്ടില്‍ 110 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയയും ആണ് മുന്നില്‍. 217 പോയിന്റുമായി കാറ്റഗറി മൂന്നില്‍ മലബാര്‍ സഹോദയയും കാറ്റഗറി നാനാലില് 265 പോയിന്റുമായി തൃശൂര്‍ സഹോദയയും മുന്നേറുന്നു.
197 പോയിന്റുമായി മലബാര്‍ സഹോദയയയിലെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളാണ് മുന്നില്‍. 174 പോയിന്റുമായി തൃശൂര്‍ സഹോദയയിലെ ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനത്തും 162 പോയിന്റുമായി കാസര്‍ഗോഡ് സഹോദയയിലെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനത്തും മുന്നേറുന്നു.
കാണികളെ പിടിച്ചിരുത്തി പാശ്ചാത്യ സംഗീത മത്സരവേദി
വാഴക്കുളം: പങ്കെടുത്ത എണ്‍പത് ശതമാനം ടീമുകളും എ ഗ്രേഡ് കരസ്ഥമാക്കിയ മിന്നും പ്രകടനങ്ങള്‍ക്കായിരുന്നു പാശ്ചാത്യ സംഗീത മത്സരവേദി സാക്ഷ്യം വഹിച്ചത്. കേള്‍ക്കുന്ന ഏതൊരാള്‍ക്കും ചുവട് വയ്ക്കാന്‍ തോന്നും വിധമായിരുന്നു ഓരോ ബാന്റുകളുടെയും പ്രകടനം. ബോണി, അബ്ബാ, ഇമാജിന്‍ ഡ്രാഗണ്‍സ്, വണ്‍ റിപ്പബ്ലിക്, വണ്‍ ഡയറക്ഷന്‍, തുടങ്ങിയ ലോകപ്രശസ്ത ബാന്റുകളുടെ പല പാട്ടുകളും മത്സരത്തെ ആവേശഭരിതമാക്കി.പതിനഞ്ചു മിനിറ്റു കൊണ്ട് മൂന്നിലധികം ബാന്റുകളുടെ പാട്ടുകള്‍ ഓരോ ടീമും വേദിയിലവതരിപ്പിച്ചു. പഴയ ബാന്റുകളുടെ സംഗീതവും പുത്തന്‍ ബാന്റുകളുടെ സംഗീതവും കോര്‍ത്തിണക്കിയായിരുന്നു ടീമുകളുടെ പ്രകടനം. ഒരേ സമയം മുതിര്‍ന്നവരെയും കുട്ടികളെയുമടക്കം പ്രായഭേദമെന്യേ വേദിക്കു മുന്നില്‍ പിടിച്ചിരുത്താന്‍ ഓരോ ടീമും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പാശ്ചാത്യവും സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയ വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂള്‍ ടീം
പതിനെട്ട് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നേടി. ടോക്ക് എച്ചിലെ സംഗീത അധ്യാപകനായ ജോബിന് സേവ്യറിന്റെ പരിശീലനത്തിലാണ് എട്ട് പേരടങ്ങുന്ന ബാന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഡേവിഡ് ജോര്‍ജ്, ജെറെമി ജോര്‍ജ്, കേസിയ അന്ന മാമ്മന്‍, ആശിഷ് തോമസ്, വിവേക് നായര്‍, മാത്യു ജെ കളപ്പുര, ജോണ്‍ പടമാടന്, അര്ജുന് രാംദാസ് എന്നിവരാണ് ബാന്റിലുളളത്.
നിറഞ്ഞ സദസ്സില്‍ ഓട്ടംതുള്ളല്‍
മുവാറ്റുപുഴ :നിറഞ്ഞ സദസ്സിനെ നോക്കി കണ്ണുകള്‍ കൊണ്ട് കഥ പറയുകയാണ് ഓട്ടം തുള്ളല്‍ മത്സരാര്‍ത്ഥികള്‍.പച്ചയും വെള്ളയും കറുപ്പും ചായങ്ങള്‍ പൂശി വേദിയില്‍ മത്സരിക്കാനെത്തിയ പത്തു മത്സരാര്‍ത്ഥികളും പെണ്‍കുട്ടികള്‍ ആയിരുന്നുവെന്നത് കാ ണികള്ക്കിടയില് കൗതുകമുണര്‍ത്തി .കിരാതം,സന്താന ഗോപാലം ,നളചരിതം എന്നീ കഥകളായിരുന്നു വേദിയില്‍ അരങ്ങേറിയതില്‍ ഏറെയും. കിരാതത്തിലെ അര്ജുനനെയും കാട്ടാളവേഷമണിഞ്ഞ ശിവനെയും അവതരിപ്പിച്ചു പെണ്‍കുട്ടികള്‍ കയ്യടി നേടി. മൃദംഗത്തിന്റെയും ഇലഞ്ഞിതാളത്തിന്റെയും മേളത്തിനൊപ്പം ചുവടു വച്ചു ഓരോ കലാകാരിയും വേദിയില്‍ നിറഞ്ഞു നിന്നു. അല്പം വൈകിയാണ് തുടങ്ങിയതെങ്കിലും മത്സരാര്‍ത്ഥി കളുടേയും ആവേശം ഒട്ടും ചോര്‍ന്നിരുന്നില്ല. കേരളത്തിന്റെ നാടന്‍ കലാരൂപങ്ങള്‍ അരങ്ങൊഴിയുന്ന ഈ കാലഘട്ടത്തില്‍ തുള്ളല്‍ മത്സര രംഗം ഏറെ പ്രതീക്ഷകള്‍ മുന്നോട്ട് വയ്ക്കുന്നു.മറ്റു കലാരൂപങ്ങളോടൊപ്പം ഓട്ടം തുള്ളലിനെയും നെഞ്ചോട് ചേര്‍ത്താണ് ഈ പ്രാവശ്യവും മത്സര വേദി ഒരുങ്ങിയത്. കാണികളുടെ നിറഞ്ഞ സാന്നിധ്യവും മികച്ച വിധികര്‍ത്താക്കളും ചേര്‍ന്നപ്പോള്‍ മത്സരം ആവേശഭരിതമായി.