‘നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനം തന്റെ അതി മനോഹര ശബ്ദത്തില്‍ ആലപിച്ച് ആസ്വാദകരുടെ മനം മയക്കിയ മിടുക്കി ഗായിക അനന്യ കുട്ടിക്ക് സിനിമയില്‍ പാടാന്‍ അവസരം തേടിയെത്തി. തന്റെ അസാധ്യമായ ഗാനാലാപനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ പ്രേക്ഷകപ്രീതി നേടിയ അനന്യക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കുന്നത് പ്രശസ്ത സംഗീത സംവിധായകന് ബിജിപാല്‍ ആണ്.
‘ക്യാപ്റ്റന്‍’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന് പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് അനന്യ പാടുക. സോഷ്യല്‍ മീഡിയ വഴി അനന്യയുടെ പാട്ടുകേട്ട പ്രജേഷ് സെന്നും ബിജിപാലും ചേര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കുകയായിരുന്നു.
ജന്മനാ കാഴ്ചയില്ലാത്ത അനന്യയ്ക്ക് വേണ്ടി സിനിമയിലെ ഒരു പാട്ട് ഇവര്‍ മാറ്റിവയ്ക്കുകയായിരുന്നു.ഈ ചിത്രത്തിലെ നായകന് ജയസൂര്യയും അനന്യക്കുട്ടിക്ക് പൂര്‍ണപിന്തുണയുമായി എത്തിയിരിക്കുന്നു. അനന്യയെ തന്റെ സിനിമയില്‍ പാടിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന് പ്രജേഷ് സെന്‍ പറയുന്നു.
മിനി പത്മ എന്ന യുവതിയുടെ ഫേസ്ബുക്ക് പേജിലാണ് സ്കൂള്‍ യൂണിഫോം ഇട്ട് ബെഞ്ചില്‍ ഇരുന്ന് പാട്ടുപാടുന്ന അനന്യക്കുട്ടിയുടെ വീഡിയോ ആസ്വാദകര്‍ കേട്ടറിഞ്ഞത്. നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ ഒരുപാടുപേര് വീഡിയോ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്തതോടെ അനന്യക്കുട്ടി ലോകമെമ്ബാടുമുള്ള മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായി മാറുകയായിരുന്നു.


