മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടൻ എന്‍.എഫ്. വര്‍ഗീസിന്റെ പേരിൽ നിർമാണക്കമ്പനി ആരംഭിച്ച് കുടുംബം. എന്‍.എഫ്. വര്‍ഗീസ് പിക്ചേഴ്സ് എന്നാണ് നിര്‍മാണ സംരഭത്തിന്റെ പേര്.
പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സംരംഭം ‘പ്യാലി’ എന്ന ചിത്രമാണ്. നവാഗതയായ ബിബിത റിൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ എറണാകുളത്ത് വച്ചു നടന്നു. എന്‍.എഫ്. വര്‍ഗീസിന്റെ മകൾ സോഫിയയും ഭർത്താവ് സാബുവുമാണ് നിർമാണക്കമ്പനിക്കു പിന്നിൽ.
ബബിത തന്നെയാണ് പ്യാലിയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. അവളാണ് അവന്റെ ലോകം എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ഛായാഗ്രഹണം ജിജു സണ്ണി. സംഗീതം പ്രശാന്ത് പിള്ള. എഡിറ്റിങ് ദീപു ജോസഫ്. രഞ്ജി പണിക്കർ, കെ.എസ്. പ്രസാദ്, നാദിർഷ, അരുൺ ഗോപി എന്നിവരുടെ സാനിധ്യത്തിൽ സിനിമയുടെ സ്വച്ച്ഓൺ കർമവും നടന്നു.
‘ഈ ചിത്രത്തിന്റെ സ്വിച്ച്ഓൺ കർമത്തിന് എത്തിച്ചേർന്ന അപ്പച്ചന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി. അപ്പച്ചൻ സിനിമയിലായിരുന്നെങ്കിലും സിനിമലോകവുമായി ഞങ്ങൾക്ക് വലിയ ബന്ധമില്ല. ഇപ്പോഴാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങാം എന്ന തീരുമാനമെടുക്കുന്നത്.
ചിലപ്പോൾ ഇതൊരു വിധിയായിരിക്കാം. ഒരു നല്ല കഥ വന്നു. ആ നിമിഷം അത് ചെയ്യാൻ തീരുമാനിച്ചു. അപ്പച്ചന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രീതിയിൽ തന്നെ ചിത്രം നിർമിക്കാനാണ് ലക്ഷ്യം.
അതുകൊണ്ടാണ് എന്‍.എഫ്. വര്‍ഗീസ് പിക്ചേഴ്സ് എന്ന പേരും കമ്പനിക്ക് നൽകുന്നത്. ഇന്ന് ഈ നിമിഷം ഏറ്റവുമധികം സന്തോഷിക്കുന്നതും അപ്പച്ചിയായിരിക്കും. മകൾ ഇങ്ങനെയൊരു സംരംഭം തുടങ്ങിയല്ലോ എന്നോർത്ത് അഭിമാനിച്ചേനെ.’–സോഫിയ പറഞ്ഞു.
‘നാദിര്‍ഷ ഇക്ക, ജോർജേട്ടൻ, പ്രസാദ് ഏട്ടൻ ഇവരെയെല്ലാവരെയും കുഞ്ഞുനാള് തൊട്ടുകൊണുന്നതാണ്. അവസാന നിമിഷമാണ് ഇങ്ങനെയൊരു ചടങ്ങിലേയ്ക്ക് അവരെ വിളിക്കുന്നത്. അപ്പച്ചനോടുള്ള സ്നേഹത്തെ ഓർത്ത് ഒരു തടസ്സവും പറയാതെ എല്ലാവരും ചടങ്ങിലെത്തി. നിങ്ങളുടെ എല്ലാ പ്രാർഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണം.’–സോഫിയ പറയുന്നു.
എൻ.എഫ്. വർഗീസിന്റെ പേരിൽ പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്ന വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത് നടി മഞ്ജു വാരിയരാണ്.


