ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീളുന്നു. മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. കര്‍ണാടകയില്‍ മുഖ്യമന്ത്രി ആര് എന്ന് ഇന്നല്ലെങ്കില്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. 72 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ രൂപവത്കരിക്കും’- അദ്ദേഹം പറഞ്ഞു.
ടേം വ്യവസ്ഥയിലായിരിക്കും കര്‍ണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കുക. ആദ്യം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും ആയിരിക്കും എന്നതാണ് തീരുമാനം. എന്നാല്‍ പുതിയ നിര്‍ദേശങ്ങളോട് ഡികെ പ്രതീകരിക്കുന്നില്ല. ഇതോടെ ചര്‍ച്ച വഴിമുട്ടി.
കഴിഞ്ഞ ദിവസം ഇരുവരും ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. അതേസമയം, നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും മുമ്പേ സിദ്ധരാമയ്യയുടെ അണികള്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.
കര്‍ണാടകയില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായുള്ള ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.