ബെംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് സുപ്രധാന വകുപ്പുകള്‍ നല്കി മന്ത്രിസഭ രൂപീകരണത്തില്‍ തര്‍ക്കങ്ങള്‍ ഇല്ലാതാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മലയാളികളായ കെ ജെ ജോര്‍ജ്, യു ടി ഖാദര്‍, എന്‍ എ ഹാരിസ് എന്നിവര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കാമെന്നാണ് സൂചന. മുഖ്യമന്ത്രി പദത്തില്‍ ആരെ നിയമിക്കണമെന്ന് തീരുമാനമായാല്‍ ഉടന്‍ മന്ത്രിമാരെ പ്രഖ്യാപിക്കും. എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സോണിയ ഗാന്ധിയെ കാണാന്‍ ന്യൂഡല്‍ഹിയിലെത്തി.
കെ ജെ ജോര്‍ജ് ഇത്തവണയും സുപ്രധാന വകുപ്പ് കൈകാര്യം ചെയ്തേക്കുമെന്നാണ് വിവരം. തീരദേശ കര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചതാണ് യു ടി ഖാദറിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കാനുളള ഘടകം.
92-ാം വയസിലും വിജയം നേടിയ ഷാമന്നൂര്‍ ശിവശങ്കരപ്പയോ അദ്ദേഹത്തിന്റെ മകന് എസ് എസ് മല്ലാകാര്‍ജുനോക്കൊ നറുക്ക് വീണേക്കും. ബെല്‍ഗാവി റൂറലില്‍ നിന്ന് വിജയിച്ച ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ വനിത മന്ത്രിയായി ഇടം നേടും. ഗാന്ധിനഗറില്‍ നിന്ന് നേരിയ വിജയം നേടിയ മുന്‍ പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും മന്ത്രിസഭയില്‍ ഇടം നേടിയേക്കും. ശിവാജി ന?ഗറിലെ എംഎല്‍എ റിസ്വാന് അര്‍ഷദ് മന്ത്രിസഭയിലെ യുവമുഖമാവും. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ലക്ഷ്മണ് സാവഡിയും മന്ത്രിസഭയില്‍ ഇടം നേടും.
സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചന. തര്‍ക്കമില്ലാതെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ന്ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ബെംഗളൂരുവില്‍ നേതാക്കളുമായി കൂടിയാലോചന നടത്തി.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയാണെങ്കില്‍ ഡി കെ ശിവകുമാര്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകും. അവസാന ടേം മുഖ്യമന്ത്രി പദവും ശിവകുമാറിന് ലഭിക്കും. ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യവുമായി അനുകൂലികള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ വിജയിച്ച 136 പേരും ഇന്നലെ രാത്രിയോടെ ബെംഗളൂരുവില്‍ എത്തി.


