ന്യൂഡല്‍ഹി : ഡല്‍ഹിയിൽ ആം ആദ്മി മുന്നേറ്റം തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഇക്കുറിയും കനത്ത തിരിച്ചടി. ഇത്തവണയും കോണ്‍ഗ്രസിന്
അക്കൗണ്ട് തുറക്കാനാകില്ലെന്നാണ് സൂചന.തുടക്കത്തിൽ ബല്ലിമാരന്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹാറൂണ്‍ യൂസഫ് നടത്തിയ മുന്നേറ്റം പെട്ടന്ന് തന്നെ നിലച്ചു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒരു സീറ്റും നേടിയേക്കില്ലെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ശക്തമായി തിരിച്ചുവരാനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ ചാന്ദ്നി ചൗക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്ക ലാംബയും, പട്ടേല്‍ നഗറില്‍ മുതിര്‍ന്ന നേതാവ് കൃഷ്ണ തിരാതും പിന്നിലാണ്.
ഇതുവരെ വന്ന ഫലസൂചനകള്‍ പ്രകാരം ആം ആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്തും. 56 സീറ്റില്‍ എഎപി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തി. 14 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിട്ട് നില്‍ക്കുകയാണ്. മോഡല്‍ ടൗണില്‍ ബിജെപിയുടെ കപില്‍ മിശ്ര പിന്നിലാണ്. ഗാന്ധിനഗറില്‍ ബിജെപിയുടെ അനില്‍ ബാജ്പേയിയും പിന്നിട്ടുനില്‍ക്കുകയാണ്


