മൂവാറ്റുപുഴ : മതന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മൂവാറ്റുപുഴയില്‍ ഇക്കുറി മത്സരം തീപാറും. ഐക്യ ജനാധിപത്യ മുന്നണിയുടെ ഉരുക്കു കോട്ടകളില്‍ ഒന്നായിരുന്ന ഇവിടെ നിറവും കളവും മാറി. ഓരോ തിരഞ്ഞെടുപ്പുകളിലും ഇടതും വലതും ഓരംമാറി നില്‍ക്കുകയാണ് ഇപ്പോള്‍ വോട്ടര്‍മാര്‍. കഴിഞ്ഞ നാല് മത്സരങ്ങളില്‍ ആയിട്ടാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ഒന്നിടവിട്ട തെരഞ്ഞെടുപ്പുകള്‍ ഇടതും വലതും മുന്നണികള്‍ മാറിമാറി നിയമസഭയില്‍ എത്തിയതോടെയാണ് ഇവിടുത്തെ മത്സരഫലങ്ങള്‍ പ്രവചനാതീതമായി മാറിയത്.
സിറ്റിംഗ് എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ ഡോ. മാത്യു കുഴല്നാടന് തന്നെയാണ് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥി. നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഉയര്‍ത്തിയ രൂക്ഷമായ വിമര്‍ശനങ്ങളോടെ സംസ്ഥാനത്തു തന്നെ ശ്രദ്ധേയനായി മാറിയ എംഎല്‍എയാണ് മാത്യു കുഴല്നാടന്. വിവാദങ്ങള്‍ ഉയര്‍ന്നു വന്നതോടെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും ഇടതുപക്ഷവും തുരങ്കംവെച്ചു വെന്ന ആരോപണവും ഉയര്‍ത്തിയാണ് മാത്യുവിന്റെ പ്രചരണം.
എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റും സിപിഐ ജില്ലാ സെക്രട്ടറിയുമായ എന്‍. അരുണിനെയാണ് മണ്ഡലം പിടിച്ചെടുക്കാനായി എല്‍ഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. യുഡിഎഫ് കുത്തകയായിരുന്ന ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷന് അട്ടിമറിയിലൂടെ പിടിച്ചെടുത്ത ചരിത്രവും അരുണിനുണ്ട്. കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യവും ജനകീയമായ അരുണിന്റെ വരവ് ഇടതു പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുമണ്ഡലത്തിലും ഉണര്വിന് കാരണമായിട്ടുണ്ട്. അതേസമയം സാധാരണക്കാര്‍ക്കിടയില്‍ നിന്നുയര്‍ന്നു വന്ന വ്യക്തിത്വം എന്നതാണ് അരുണിന്റെ കരുത്ത്. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന സ്വഭാവവും രാഷ്ട്രീയമായ സവിശേഷതകളും മണ്ഡലത്തില്‍ ഇടത് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് മുന്നണി വിശ്വസിക്കുന്നു. രാഷ്ട്രീയത്തിലും സാംസ്കാരിക മേഖലയിലും കഴിവുകള്‍ തെളിയിച്ചിട്ടുള്ള അരുണിലൂടെ അട്ടിമറിക്കുള്ള തയ്യാറെടുപ്പിലാണ് മുന്നണി.
കെസിവൈഎം അടക്കം നിരവധി ക്രൈസ്തവ സംഘടനകളുടെ ഭാരവാഹിയായ സണ്ണി കടുത്താഴെ ആണ് 20 ട്വന്റി -എന്‍ഡിഎ സ്ഥാനാര്‍ഥി. വിദ്യാഭ്യാസരംഗത്തും സാമുദായിക സംവിധാനങ്ങളിലും ഇദ്ദേഹം നടത്തുന്ന ഇടപെടലുകള്‍ മണ്ഡലത്തില്‍ നിഴലിക്കുന്നുണ്ട്. സണ്ണിയുമായി ബന്ധപ്പെട്ട സാമൂഹിക സംഘടനകളും പ്രചാരണത്തില്‍ സജീവമാണ്.
സംസ്ഥാന ഭരണത്തിനനുസരിച്ച് മണ്ഡലത്തില്‍ നിന്നും ജയിച്ചുവരുന്ന എംഎല്‍എ മന്ത്രിയാകും എന്ന സവിശേഷതയും ഇക്കുറി മൂവാറ്റുപുഴയ്ക്ക് ഉണ്ട്. അതിനനുസരിച്ചുള്ള പ്രചരണങ്ങളാണ് ഇരു വിഭാഗവും മണ്ഡലത്തില്‍ നടത്തുന്നത്. യുഡിഎഫ് ഭരണത്തില്‍ തിരിച്ചുവന്നാല്‍ ജയിച്ചു വന്നാല്‍ മാത്യു കുഴല്‍നാടനും ഇടതുഭരണം തുടര്‍ന്നാല്‍ എന്‍ അരുണ്‍ ജയിച്ചാല്‍ അദ്ദേഹവും മന്ത്രിസ്ഥാനത്ത് എത്തും എന്ന കാര്യം ഉറപ്പ് നല്‍കിയാണ് ഇരുപക്ഷത്തും പ്രചരണം അവസാന ലാപ്പിലേക്ക് നടന്ന് അടുക്കുന്നത്.
സ്ത്രീ വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഭൂരിപക്ഷം എന്നത് രാഷ്ട്രീയ പാര്‍ട്ടികളെ സ്ത്രീപക്ഷ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നു. 1,85,763 ആണ് ആകെ വോട്ട്. 91,209 പുരുഷന്മാരും 94,549 സ്ത്രീകളുമാണ് ഉള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ 5 പേരുണ്ട്.
മണ്ഡലത്തിലെ പത്തില്‍ 9 പഞ്ചായത്തുകളിലും നഗരസഭയിലും യുഡിഎഫ് ആണ് ഭരണത്തില്‍. മൂവാറ്റുപുഴ നഗരസഭ, ആരക്കുഴ, ആവോലി, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, മാറാടി, പായിപ്ര, വാളകം, പൈങ്ങോട്ടൂര്‍, പാലക്കുഴ എന്നീ പഞ്ചായത്തുകള്‍ യുഡിഎഫ് ഭരണത്തിലാണ്. പോത്താനിക്കാട് പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫ് ഭരണത്തില്‍ ഉള്ളത്. നറുക്കെടുപ്പിലൂടെയാണു എല്‍ഡിഎഫ് ഇവിടെ ഭരണം പിടിച്ചത്.
1957 മുതല്‍ ഇന്നുവരെയുള്ള മൂവാറ്റുപുഴയുടെ ചരിത്രം നോക്കിയാല്‍ ഒരിടത്തും മൂവാറ്റുപുഴയ്ക്ക് ഉറച്ച രാഷ്ട്രീയ നിലപാടുണ്ടായിരുന്നില്ല. കെ.എം. ജോര്‍ജിലൂടെ തുടങ്ങിയ മണ്ഡലം, പി.പി. എസ്തോസ്, പെണ്ണമ്മ ജേക്കബ്, പി.സി. ജോസഫ്, വി.വി. ജോസഫ് എന്നിവരിലൂടെ രാഷ്ട്രീയത്തില്‍ പ്രവചനങ്ങളെ പലവട്ടം കാറ്റില്‍ പറത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്മാന് ആയിരുന്ന ജോണി നെല്ലൂരിന്റെ ഹാട്രിക് വിജയത്തിനും മൂവാറ്റുപുഴ സാക്ഷ്യം വഹിച്ചു, 1991, 1996, 2001 കാലഘട്ടങ്ങളിലായി ജോണി നെല്ലൂര്‍ മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചതിനു ശേഷം ഓരേ 5 വര്‍ഷം കഴിയുമ്പോഴും ഇടതും വലതും മാറിചിന്തിച്ച മണ്ഡലം. 2006ല്‍ ബാബു പോളിലൂടെ വീണ്ടും ഇടത്തോട്ട് ചാഞ്ഞു. 2011ല്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത കോണ്‍ഗ്രസ് ജോസഫ് വാഴയ്ക്കനിലൂടെ മൂവാറ്റുപുഴ തിരിച്ചുപിടിക്കുകയും ചെയ്തു. 2016ല്‍ എല്‍ദോ ഏബ്രഹാം മണ്ഡലം എല്ഡിഎഫിന്റേതാക്കിയെങ്കിലും 2021ല്‍ മാത്യു കുഴല്‍നാടനിലൂടെ യുഡിഎഫ് വീണ്ടും കരുത്തറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ മുന്നേറ്റമാണ് മൂവാറ്റുപുഴയിലെ വിജയപ്രതീക്ഷയ്ക്ക് യുഡിഎഫിന് കരുത്ത് നല്‍കുന്നത്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ മൂവാറ്റുപുഴക്കാര്‍ക്ക് ചിരപരിചിതനായ യുവ നേതാവിനെ തന്നെ രംഗത്തിറക്കി മണ്ഡലം തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇടതുമുന്നണി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എന്നാലല്‍ ബിജെപിയും ട്വന്റി-20യും കൈപ്പിടിയില്‍ ഒതുക്കുന്ന വോട്ടുകള്‍ തന്നെയാണ് വിജയത്തിന് വഴിവയ്ക്കുക എന്നതിന് തര്‍ക്കമില്ല. നിലവിലെ എന്‍ഡിഎ വോട്ടുകള്‍ക്കൊപ്പം ട്വന്റി-20 വോട്ടുകളും കോതമംഗലം രൂപതയുടെ വിവിധ യുവജന പ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ അംഗമായിട്ടുള്ള സണ്ണി കൊടുത്താഴെക്ക് ലഭിക്കുന്ന അധിക വോട്ടുകളും തന്നെയാണ് മൂവാറ്റുപുഴയുടെ യഥാര്‍ത്ഥ ചിത്രം തെളിയിക്കുക.


