വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി ചെറിയ പെരുന്നാള്‍ ദിവസം പ്ലസ്ടു സിബിഎസ്ഇ പരീക്ഷ. പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകളാണ് ചെറിയ പെരുന്നാള്‍ ദിവസം നടത്തുന്നത്. പത്താംക്ലാസ് ഹോം സയന്‍സ് പരീക്ഷയും പ്ലസ്ടു ഹിന്ദി മെയിന്‍, ഹിന്ദി ഇലക്ടീവ് കോഴ്സിന്റേയും പരീക്ഷകളാണ് മെയ് രണ്ടിന് നിശ്ചയിച്ചിരിക്കുന്നത്. അറബിക് കലണ്ടര്‍ പ്രകാരം മെയ് രണ്ടിന് ചെറിയ പെരുന്നാളാവാന്‍ സാധ്യതയുളളതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുയര്‍ന്നത്.
മെയ് ഒന്നിന് ശവ്വാല്‍ മാസപ്പിറവി കാണുകയാണെങ്കില്‍ രണ്ടിനായിരിക്കും വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍, അല്ലെങ്കില്‍ മെയ് മൂന്നിനായിരിക്കും പെരുന്നാള്‍. ഇക്കാര്യത്തില്‍ പരീക്ഷ ബോര്‍ഡും വിദ്യാര്‍ത്ഥികളും ആശയക്കുഴപ്പത്തിലാണ്. ഇങ്ങനെ സംഭവിച്ചാല്‍ പെരുന്നാള്‍ ദിനത്തിലും വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ ഇരിക്കേണ്ടി വരും.
കൊവിഡിനെ തുടര്‍ന്ന് സിബിഎസ്ഇ പരീക്ഷകള്‍ രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഈ വര്‍ഷത്തെ ഒന്നാംഘട്ട പരീക്ഷ കഴിഞ്ഞു. രണ്ടാം ഘട്ട പരീക്ഷയാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇ പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്താതെ പഴയ ഷെഡ്യൂളിലേക്ക് തന്നെ മാറുമെന്നാണ് പരീക്ഷ ബോര്‍ഡ് പറയുന്നത്. ഏപ്രില്‍ 26ന് ആരംഭിച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ജൂണ്‍ 15നാണ് അവസാനിക്കുക.


