മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ക്കൊരു ഭരണഘടന എന്ന ലക്ഷ്യത്തോടെ കല്ലൂര്‍ക്കാട് ബി.ആര്.സി. അധ്യാപകര്‍ക്കായി – നൈതികം, പരിശീലന പരിപാടി നടത്തി. ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ നടന്ന പരിശീലന പരിപാടി മൂവാറ്റുപുഴ മുന്‍സിഫ് ജോസഫ് രാജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കത്തെക്കുറിച്ചും അനുഛേദങ്ങളെക്കുറിച്ചും മുന്‍സിഫ് വിശദീകരിച്ചു. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അറിയുന്നതോടൊപ്പം ഓരോ വിദ്യാലയത്തിലും അവിടുത്തെ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചുള്ള സ്കൂള്‍ ഭരണഘടന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ അഭിയാനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഭരണഘടന തയ്യാറാക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയും സൂക്ഷ്മതലങ്ങളും സമഗ്രതയും കുട്ടികള്‍ക്ക് മനസ്സിലാക്കാനുള്ള പ്രായോഗിക കളരിയായി മാറുന്നതാണ് പദ്ധതിയുടെ നിര്‍വ്വഹണ രീതി. ഒരു സ്ഥാപനത്തിന്റെ നട്ടെല്ലായി മാറുന്ന ഭരണഘടന രൂപവത്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുകയും കുട്ടികള്‍ തന്നെ തന്റെ വിദ്യാലയത്തിന്റെ പ്രവര്‍ത്തനവും അച്ചടക്കവും നിര്ണയിക്കുന്നതിലേക്കുയരുകയും ചെയ്യുന്നു എന്നതാണ് പദ്ധതിയുടെ മേന്മ. കുട്ടികളും അധ്യാപകരും സ്കൂള്‍ അധികാരികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഉപകരിക്കും. ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി എന്‍. വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു. കല്ലൂര്‍ക്കാട് ബി.പി.ഒ. കെ.എസ്. റഷീദ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.സി.മനു, സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ നിര്‍മ്മല്‍ മരിയ, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജോസിലി എന്നിവര്‍ സംസാരിച്ചു. ഡയറ്റ് അധ്യാപകന് മുഹമ്മദ് റാഫി യു., ബി.ആര്.സി. പരിശീലകന് ടി. ജാക്സണ്‍ദാസ് എന്നിവര്‍ ക്ലാസ്സെടുത്തു.


