ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. ഓഗസ്റ്റ് 2,3 തീയതികളിലെ പരീക്ഷകള്‍ നടത്താന്‍ ഡിവിഷന് ബെഞ്ചിന്റെ അനുമതി. ഒന്നാം സെമസ്റ്ററിലെയും മൂന്നാം സെമസ്റ്ററിലെയും പരീക്ഷകള്‍ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു അപ്പീലിലെ പ്രധാന ആവശ്യം. നാളെ മുതലുള്ള പരീക്ഷകള്‍ ടൈം ടേബിള്‍ പ്രകാരം നടത്തുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു.
കോടതി വിധിയെ തുടര്‍ന്ന് മാറ്റിവെച്ച ഇന്നത്തെ പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സര്‍വ്വകലാശാല അറിയിച്ചു. യുജിസി മാര്‍ഗരേഖ ലംഘിച്ചാണ് ബിടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷ നടത്തിയതെന്ന് ചൂണ്ടികാട്ടി എട്ട് വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് പരീക്ഷകള്‍ എല്ലാം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
2020 ലെ യുജിസി മാര്‍ഗരേഖ പ്രകാരം ഓണ്‍ലൈന്‍ ആയോ, അതിന് സൗകര്യമില്ലെങ്കില്‍ ഓഫ് ലൈന്‍ ആയോ പരീക്ഷ നടത്താന്‍ അനുമതിയുണ്ടെന്ന സര്‍വ്വകലാശാല വാദം ഡിവിഷന് ബഞ്ച് അംഗീകരിച്ചു.


