മലപ്പുറം: പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ മലബാറിന്റെ സീറ്റു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവും. ഇത്തവണ അപേക്ഷകരുടെ എണ്ണം 4,65,960 ആണ്. മലബാറില്‍ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. രണ്ട് ലക്ഷം സീറ്റ് പോലും ഇല്ലാത്ത മലബാറില്‍ രണ്ടര ലക്ഷത്തിനടുത്ത് അപേക്ഷകരുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളതും ഇവിടുന്നാണ്. മലപ്പുറത്ത് മാത്രം പതിനയ്യായിരത്തോളം സീറ്റുകളാണ് കുറവുള്ളത്. സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അപേക്ഷരുടെ എണ്ണത്തിലെ വര്‍ധനവിലും മലബാര്‍ തന്നെയാണ് മുന്നില്‍
മലബാറില്‍ ആകെയുള്ള സര്‍ക്കാര്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം 1,90,160 മാത്രമാണ്. അണ്‍എയ്ഡഡ് സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാലും മലബാറില്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്താണ്. മലപ്പുറത്ത് 82,434 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. മലപ്പുറത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ഉള്ളത് 52,600 സീറ്റുകള്‍ മാത്രമാണ്. ഇതിന് പുറമെ 11,300 അണ് എയ്ഡഡ് സീറ്റുകളും ഇവിടെയുണ്ട്. ഈ സീറ്റുകള്‍ കൂടി പരിഗണിച്ചാലും ആകെയുള്ളത് 63,900 സീറ്റുകള്‍ മാത്രമാണ്. മലപ്പുറത്ത് ആകെയുള്ള വിഎച്ച്എസ് സി, ഐടിഐ, പോളിടെക്നിക് സീറ്റുകള്‍ 4,800 മാത്രമാണ്. എല്ലാ സാധ്യതകള്‍ കൂട്ടിയാലും മലപ്പുറത്ത് 14,134 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല.
സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6,630 അപേക്ഷകരാണ് ഇത്തവണ വര്‍ധിച്ചിരിക്കുന്നത്. മലബാറില്‍ മാത്രം 5509 അപേക്ഷരാണ് വര്‍ധിച്ചിരിക്കുന്നത്. അപേക്ഷരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത് മലപ്പുറത്താണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1512 അപേക്ഷകളാണ് ഇവിടെ വര്‍ധിച്ചത്.