മൂവാറ്റുപുഴ: മധ്യ പ്രദേശിലെ ഇന്‍ഡോറില്‍ നടന്ന 25 മത് സംസ്ഥാന ബധിര കായികമേളയില്‍ മെഡല്‍ നേടിയ ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെയും പി.ടി.എ യുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി. കായിക മേളയില്‍ നാല് വിദ്യാര്‍ത്ഥികള്‍ ആറ് ഇനത്തിലാണ് മത്സരിച്ചത് അഞ്ച് മത്സരങ്ങളില്‍ വിജയിച്ചു. ഷാലറ്റ് ഷിബു അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍ ആയി. 600- മീറ്റര്‍ ഓട്ടത്തില്‍ ഫസ്റ്റ് നേടിയാണ് ഷാലറ്റ് ഷിബു സ്വര്‍ണ്ണ മെഡല്‍ നേടി വിജയിയായത്. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുഹമ്മദ് മുബാറക്ക് ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. അണ്ടര്‍ 16-ല്‍ 200-മീറ്റര്‍, 100-മീറ്റര്‍ ഓട്ടത്തിലും ലോംഗ് ജംബിലും വിജയിച്ച് അഭിരാമി എം.ടി വെള്ളി മെഡല്‍ നേടി.
കായിക അധ്യാപിക ഷൈനി ഷാജി, അധ്യാപിക സിസ്റ്റര്‍ നമിത ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ മത്സരത്തിനായി ഒരുക്കിയത്. മത്സരത്തില്‍ വിജയിച്ച് മധ്യപ്രദേശില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളായ ഷാലറ്റ് ഷിബു, മുഹമ്മദ് മുബാറക്ക്, എം.ടി.അഭിരാമി, അധ്യാപകരായ ഷൈനി ഷാജി, സിസ്റ്റര്‍ നമിത ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് സ്കൂള്‍ അങ്കണത്തില്‍ വര്‍ണശബളമായ സ്വീകരണമൊരുക്കിയത്. ബാന്റ് സെറ്റ്, നാസിക്ക് ഡോള്‍ എന്നിവയുടെ താളമേളത്തോടെയാണ് വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു. സ്വീകരണ സമ്മേളനം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ദീപ റോയി അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീവ ഫ്രാന്‍സിസ്, ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശിവാഗോ തോമസ്, ആയവന പഞ്ചായത്ത് മെമ്പര്‍ അന്നക്കുട്ടി മാത്യൂസ് എന്നിവര്‍ സംബന്ധിച്ചു.


