പത്താംക്ലാസ് പരീക്ഷാഫലം വരുമ്പോൾ കുട്ടികളുടെ സംശയനിവാരണത്തിന് ഹയർസെക്കൻഡറി വിഭാഗത്തിൻ്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്‍ പ്രത്യേക കൗൺസിലിംഗ് സെഷനുകൾ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികളുടെ കരിയർ സംബന്ധമായ സഹായങ്ങളും കൗമാരക്കാരുടെ മാനസികാരോഗ്യം കാത്തുസംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുമാണ് ഇപ്പോൾ സെൽ നടത്തിവരുന്നത്. ഇതിൻ്റെ ഭാഗമായി സ്കൂളുകളിൽ സൗഹൃദ ക്ലബ്ബുകൾ സംഘടിപ്പിച്ചു. പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർഥികൾക്കായി ‘ആഫ്റ്റര്‍ പ്ലസ് ടു’ എന്നപേരില്‍ 18 ദിവസം നീണ്ടുനിന്ന കരിയർ വെബിനാർ സംഘടിപ്പിച്ചു.
പത്താം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികൾക്കായി അഞ്ചുദിവസത്തെ കരിയർ ഗൈഡൻസ് പ്രോഗ്രാം ആണ് ആരംഭിച്ചത്. വിഎച്ച്എസ്ഇ, ടെക്നിക്കല്‍ ഹയർസെക്കൻഡറി, പോളിടെക്നിക് തുടങ്ങിയ വിവിധ സാധ്യതകൾ പത്താം ക്ലാസിനു ശേഷം ഉണ്ടെന്ന് കുട്ടികളെ പരിചയപ്പെടുത്താൻ ഈ പരിപാടിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.