തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന് തിരഞ്ഞെടുപ്പ് തട്ടിപ്പില്‍ പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. കോളജ് പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി. എസ്എഫ്ഐ നേതാവ് എ.വിശാഖിനെ രണ്ടാം പ്രതിയാക്കി. കേരള സര്‍വകലാശാല റജിസ്ട്രാര്‍ നല്കിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി.
സംഭവത്തെക്കുറിച്ചു പഠിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് റജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലാ യൂണിയന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കും. ഇത് എങ്ങനെ വേണമെന്നു റജിസ്ട്രാര്‍ ശുപാര്‍ശ ചെയ്യും. സര്‍വകലാശാലാ യൂണിയന് കൗണ്‍സിലര്‍മാരുടെ പട്ടിക മരവിപ്പിക്കും.
സര്‍വകലാശാലാ അധികൃതര്‍ എല്ലാ കോളജുകളുമായും ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ ആരൊക്കെയാണെന്ന് ഉറപ്പാക്കിയ ശേഷമേ യൂണിയന് തിരഞ്ഞെടുപ്പു നടത്തൂ. കാട്ടാക്കട കോളജില്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച എ.എസ്.അനഘയ്ക്കു പകരം ആള്‍മാറാട്ടം നടത്തി എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് സര്‍വകലാശാലയെ അറിയിച്ചതാണ് കേസ്.