നെടുങ്കണ്ടം : രാമക്കല്‍മേട് സ്വദേശി പ്രിന്‍സ് ഭുവനചന്ദ്രന്റെ കരവിരുതില്‍ വന്ദേഭാരത് എക്സ്പ്രസിന് കല്ലാര്‍ സ്കൂളില്‍ സ്ഥിരം സ്റ്റോപ്. വിദ്യാര്‍ഥികള്‍ക്ക് പുതിയൊരു അനുഭവമൊരുക്കിയാണ് വന്ദേഭാരത് കല്ലാര്‍ ഗവ. എല്‍.പി.സ്കൂളില്‍ ഒരുക്കിയിട്ടുള്ളത്. സ്കൂള്‍ മോഡല്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് ട്രെയിനിന്റെ മിനിയേച്ചര്‍ നിര്‍മിച്ചിട്ടുള്ളത്. ഇതിനോടൊപ്പം പ്രളയ രക്ഷാപ്രവര്‍ത്തനത്തിന്റെ സ്മാരകമായി ആര്‍മി ഹെലികോപ്റ്റിന്റെ മോഡലും തീര്‍ത്തിട്ടുണ്ട്.
രണ്ടുമാസത്തോളം പണിപ്പെട്ടാണ് വന്ദേഭാരത് ട്രെയിനും ഹെലികോപ്റ്ററും നിര്‍മിച്ചതെന്ന് പ്രിന്‍സ് പറഞ്ഞു. പൈപ്പും, പഴയ ഓട്ടോയുടെ മുന്‍ഭാഗവും, തകിടും ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിട്ടുള്ളതെന്ന് പ്രിന്‍സ് പറയുന്നു. കുട്ടികള്‍ക്ക് ഹെലികോപ്റ്ററിനുള്ളിലൊക്കെ കയറി ഇറങ്ങാവുന്ന രീതിയിലാണ് നിര്‍മാണം. മോഡല്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തുന്ന കല്ലാര്‍ ഗവ.എല്‍.പി. സ്കൂളില്‍ 13 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
കളിയിടങ്ങള്‍ ഉള്‍പ്പെടെ അടുത്ത അധ്യയനവര്‍ഷം സ്കൂളിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് നവ്യാനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് പ്രഥമാധ്യാപിക റെജിമോള്‍ മാത്യു പറയുന്നു. എന്തായാലും സ്കൂള്‍ തുറക്കുന്നതിന് മുമ്പേ വന്ദേഭാരത് ട്രെയിനില്‍ കയറാന്‍ കുട്ടികള്‍ കൂട്ടമായിട്ടാണ് എത്തുന്നത്.