തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കേരള സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സര്‍വകലാശാല യൂണിയന് സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ എന്നീ തിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച അനഘ എന്ന വിദ്യാര്‍ത്ഥിനിക്ക് പകരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത സംഘടനാ നേതാവായ എ വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.
വിവാദത്തിന് പിന്നാലെ വിശാഖിനെ എല്ലാ സംഘടനാ ചുമതലകളില്‍നിന്നും മാറ്റിനിര്‍ത്തുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അറിയിച്ചിരുന്നു. കേരള സര്‍വ്വകലാശാല യൂണിയന് ചെയര്മാന് പദവിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം നടന്നതെന്നായിരുന്നു ആരോപണം.
ആള്‍മാറാട്ടം നടത്തിയത് സംബന്ധിച്ച് നിരവധി പരാതികളാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചത്. കെഎസ്യു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ഡിസംബര്‍ 12നാണ് തിരഞ്ഞെടുപ്പ് നടന്നത്. ആരോമല്‍, അനഘ എന്നിവരാണ് ഇവിടെ നിന്ന് ജയിച്ചത്. കൗണ്‍സിലറുടെ പേരുകള്‍ കോളേജില്‍ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് നല്കിയപ്പോളാണ് അനഘയുടെ പേര് മാറ്റിയത്.
ആള്‍മാറാട്ടം വിവാദമായതോടെ പട്ടിക തിരുത്തി വിശാഖിന്റ പേര് ഒഴിവാക്കി സര്‍വകലാശാലയ്ക്ക് കോളേജ് പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയിരുന്നു. സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് കത്ത് നല്‍കിയത്. അനഘ രാജിവെക്കുകയാണ് ഉണ്ടായതെന്ന് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജു പറഞ്ഞു. പ്രന്സിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാന്‍ കേരള സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു.


