കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നേരിട്ട് പരീക്ഷകള്‍ നടത്തുവാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പിന്തിരിയണമെന്നും ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുകയോ മുന്‍ സെമിസ്റ്ററുകളിലെ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ അവസാന വര്‍ഷ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി നിര്‍ദേശിച്ചു. ക്യാമ്പയിന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വെബിനാറാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്.
വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായ പി.ജി. പരീക്ഷകള്‍ നേരിട്ട് നടത്തുകയും, ടെക്സ്റ്റ് ബുക്ക് റഫര്‍ ചെയ്ത് എഴുതാവുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി ബിരുദ പരീക്ഷകള്‍ ഓണ്‍ ലൈനായി നടത്തുകയുമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഏത് കോളേജിലും സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ലാബ് പ്രാക്ടിക്കല്‍ നടത്താനുള്ള സൗകര്യം അനുവദിക്കണമെന്നുംസര്ക്കാറിനോടും സര്‍വകലാശാല അധികൃതരോടും ആവശ്യപ്പെട്ടു.
ഓണ്‍ലൈനായി പരീക്ഷ നടത്തുവാനുള്ള ടെക്നോളജി യൂണിവേഴ്സിറ്റിയുടെ തീരുമാനത്തെ വെബിനാര്‍ സ്വാഗതം ചെയ്തു. സര്‍വ്വകലാശാല അധികൃതരും അധ്യാപക സംഘടനകളും പരീക്ഷാ നടത്തിപ്പ് കാര്യങ്ങളില്‍ ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളാന്‍ അലംഭാവം കാട്ടുന്നതായി വെബിനാര്‍ കുറ്റപ്പെടുത്തി. ഇത് അന്യസംസ്ഥാനങ്ങളില്‍ ഉപരി പഠനത്തിന് പോകേണ്ട നിരവധി വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
ക്യാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാര്‍ അധ്യക്ഷത വഹിച്ച വെബിനാര്‍ എം.ജി. കേന്ദ്ര സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ഡോ. യൂ. അബ്ദുല്‍ കലാം, ഡോ. ജി.വി. ഹരി, ഡോ. സി. രാജേഷ്, ഡോ. എം.പി ബിന്ദു, എം. ഷാജര്‍ഖാന്‍, പി.കെ. പ്രഭാഷ് എന്നിവര്‍ സംസാരിച്ചു.


