മൂവാറ്റുപുഴ: ബസില്‍ കയറുന്നതിനിടെ സ്ക്കൂള് വിദ്യാര്‍ത്ഥിയെ ബസ് ജീവനക്കാര്‍ റോഡിലേക്ക് തളളി വീഴ്ത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന വീട്ടൂര്‍ ഏബനേസര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും, മംഗലത്തുനട പഴംമ്പിള്ളില്കുടി സുരേഷിന്റെ മകന് അഞ്ചല്‍ സുരേഷ് (16) നെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ബസുകൾ വിദ്യാർത്ഥികളോട് കാണിക്കുന്ന വിവേചനം അംഗീകരിക്കാനാകില്ല. വിദ്യാർത്ഥികളാട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടി / ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകാത്ത പക്ഷം ബസുകളെ സർവ്വീസ് നടത്താൻ അനുവദിക്കില്ലന്നും, ഈ ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യണമെന്നും എൻ.അരുൺ ആവശ്യപ്പെട്ടു.
ഇതിനിടെ ചില കേന്ദ്രങ്ങളിൽ നിന്ന് സംഭവം ഒത്ത് തീർപ്പാക്കാനുള്ള നീക്കം നടക്കുന്നുണ്ടന്നും ഇത് അംഗീകരിക്കാൻ കഴിയില്ലന്നും, സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹതയുണ്ടന്നും അരുൺ പറഞ്ഞു. കുറ്റക്കാരനായ ബസ് ജീവനക്കാരനേയും, ബസും എത്രയും വേഗം കസ്റ്റഡിയിലെടുക്കണമെന്ന് ഡി.വൈ.എസ്.പിയ്ക്ക് നിർദ്ദേശം നൽകിയതായും അരുൺ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച വൈകിട്ട് 4.30ന് മൂവാറ്റുപുഴ-കാക്കനാട് റൂട്ടിലെ വീട്ടൂര്‍ സ്ക്കൂള് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. വൈകിട്ട് സ്ക്കൂള് വിട്ട് വിട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചല്‍ കൂട്ടുകാരോടൊപ്പം ബസില്‍ കയറുന്നതിനിടെ ബസ് ജീവനക്കാരന് ബസ്സിൽ നിന്നും പുറത്തേയ്ക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. റോഡിലേക്ക് വീണ അഞ്ചലിന്റെ നിലവിളികേട്ട ഓടികൂടിയ നാട്ടുകാര്‍ ബഹളം വച്ച് ബസ് നിര്‍ത്തിച്ചു. തുടര്‍ന്ന് ഇതേ ബസില്‍ തന്നെ കൂട്ടുകാരോടൊപ്പം അഞ്ചലിനെ നാട്ടുകാര്‍ കയറ്റി വിട്ടു. വീട്ടിലെത്തിയ അഞ്ചലിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് വീട്ടുകാര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന് നു. ഡോക്ടറുടെ പരിശോധനയില്‍ അഞ്ചലിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മൂവാറ്റുപുഴ- കാക്കനാട് റൂട്ടില്‍ സ്ഥിരം സര്‍വ്വീസ് നടത്തുന്ന ബസിന് പകരം താല്‍ക്കാലിക പെര്‍മിറ്റില്‍ ഓടിയ അനുപമ ബസിലെ ജീവനക്കാരനാണ് അഞ്ചലിനെ തള്ളി താഴെയിട്ടത്. അരുണി നോടൊപ്പം എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ, എ.ഐ എസ് എഫ് നേതാക്കളായ ഗോവിന്ദ് ശശി, സുഫിൻ സുൽഫി, സഖ്ലൈൻ മജീദ്, വി.എസ്.ശരത്, മുസ്തഫ കമാൽ, അജയ്, അനന്ദു മനോജ് എന്നിവരുമുണ്ടായിരുന്നു.

