പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ പുഴുക്കാട് ഗവ. എല്‍.പി സ്കൂളിന് പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. സാങ്കേതികാനുമതി ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകുമെന്നും എം.എല്‍.എ അറിയിച്ചു. രണ്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെ 1023 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഭാവിയില്‍ രണ്ട് നിലകളില്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഉതകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. ആസ്തി വികസന ഫണ്ടില്‍ നിന്നും 22.57 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ ലോവര്‍ ്രൈപമറി വിഭാഗത്തിലെ പ്രധാനപ്പെട്ട വിദ്യാലയമായ പുഴുക്കാട് ഗവ. എല്‍. പി സ്കൂള്‍ സ്ഥാപിച്ചിട്ടു കഴിഞ്ഞ വര്‍ഷം 100 വര്‍ഷം പിന്നിട്ടിരുന്നു. പ്രി ്രൈപമറി മുതല്‍ നാലാം ക്ലാസ് വരെ 5 ഡിവിഷനുകളിലായി 102 കുട്ടികള്‍ 1917 ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. കാലപ്പഴക്കം മൂലം ക്ലാസ് മുറികള്‍ കാലഹരണപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മാണത്തിന് തുക അനുവദിച്ചിരിക്കുന്നത്. സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല് ആണ് നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്.


