പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ബോര്‍ഡ്, യൂണിവേഴ്സിറ്റി പരിക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളില്‍ വിജയം കൈവരിച്ച പ്രതിഭകളെയും ആദരിക്കുന്ന എം.എല്‍.എ അവാര്‍ഡ് 2019 വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ഈ ചടങ്ങില്‍ വെച്ച് അനുമോദിക്കും. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിക്കായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇന്‍സ്പെയര്‍ പെരുമ്പാവൂര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അവാര്‍ഡ് നല്‍കുന്നത്. ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.


