മുവാറ്റുപുഴ: വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി റോഡുസുരക്ഷ നിയമങ്ങള്‍ സ്ക്കൂള് പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുകയും അപകട മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷന് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് മാറാടി ഗവ. വി. എച്ച് എസ്സ് സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെ വോളന്റിയര്‍മാര്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച റോഡുസുരക്ഷ സദസ് അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്കും ഗതാഗത വകുപ്പ് മന്ത്രിയ്ക്കും നിവേദനവും നല്കി.
കോട്ടയം എം.സി റോഡില്‍ മൂവാറ്റുപുഴയ്ക്ക് സമീപം ഈസ്റ്റ് മാറാടിയില്‍ മണിക്കൂറുകള്‍ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് നടന്ന അപകടത്തില്‍ നാല് അപകട മരണം നടന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു ക്യാമ്പയിന് നടത്തുവാന്‍ തീരുമാനിച്ചതെന്ന് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി പറഞ്ഞു. ഈ അപകടം നടന്ന മാറാടിയിലെ സ്ഥലവാസിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്ന ഈസ്റ്റ് മാറാടി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ശ്രീജിത്ത് പ്രദീപിനെ ആദരിക്കുകയും ചെയ്തു. ‘ഒരിറ്റു ശ്രദ്ധ ഒരു പാടായുസ്സ് ‘ എന്ന പേരില്‍ നെഹ്റു പാര്‍ക്ക് പരിസരത്ത് സംഘടിപ്പിച്ച ജീവകാരുണ്യ സ്നേഹ കൂട്ടായ്മയും സ്ക്കൂള് തല യൂണിറ്റ് പ്രഖ്യാപനവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം. അബ്ദു ഉദ്ഘാടനം ചെയ്തു. ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പി കെ.നസീര്‍ റോഡുസുരക്ഷാ ലഘുലേഖ പ്രകാശനം ചെയ്തു. റാഫ് എറണാകുളം ജില്ല പ്രസിഡന്റ് അലികാരോളി അധ്യക്ഷത വഹിച്ചു. റാഫ് വനിതാ ഫോറം സംസ്ഥാന ട്രഷറര്‍ സാബിറ ചേളാരി, പ്രിന്‍സിപ്പല്‍ റനിത ഗോവിന്ദ്, സബ് ഇന്‍സ്പെക്ടര്‍ പ്രേംജിത്ത് ബി നായര്‍ , ഇ ആര്.വിനോദ്, രതീഷ് വിജയന്, കൃഷ്ണജ രതീഷ്, എന്‍ എസ് എസ് വോളന്റിയര്‍ ശ്രീജിത്ത് പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി. സമീര്‍ സിദ്ധീഖി സ്വാഗതവും റാഫ് സംസ്ഥാന സെക്രട്ടറി വിജയന് കൊളത്തായി നന്ദിയും പറഞ്ഞു.


