തൃശ്ശൂര്‍: മറ്റത്തൂര്‍, കോടാലി ഗവ. എല്‍പി സ്കൂളിലെ കെട്ടിടത്തിന്റെ സീലിങ് തകര്‍ന്നുവീണു. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സമയം അല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായി. സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ ആസ്ബെറ്റോസ് ഷീറ്റുകൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് ജിപ്സം ബോര്‍ഡ് കൊണ്ടാണ് നിര്‍മിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് കോസ്റ്റ് ഫോര്‍ഡാണ് നിര്‍മ്മാണം നടത്തിയത്.
കനത്ത മഴ മൂലം ഇന്ന് തൃശൂര്‍ ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. സാധാരണയായി പ്രവര്‍ത്തി ദിവസങ്ങളില്‍, നേരത്തെ എത്തുന്ന കുട്ടികളെ ക്ലാസ് തുടങ്ങുന്നത് വരെ ഈ ഹാളിലാണ് ഇരുത്താറ്. സ്കൂള്‍ അസംബ്ലിയും ഇവിടെയാണ് നടത്താറ്. അപകടത്തില്‍ ഹാളിലുണ്ടായിരുന്ന ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.