മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാദീപ്തി പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഭാ സംഗമവും പുരസ്കാര സമര്‍പ്പണവും ജൂലൈ ആദ്യവാരത്തില്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലം നിവാസികളായ എസ്.എസ്.എല്‍.സി, പ്ലസ് ടൂ, ബോര്‍ഡ് പരിക്ഷകളില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എ അവാര്‍ഡ് നല്കി ആദരിക്കും. 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും മറ്റു മേഖലകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച വ്യക്തികളെയും ഈ ചടങ്ങില്‍ വെച്ച് അനുമോദിക്കും.
നിയോജക മണ്ഡലത്തിലെ സ്കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്ക് പുറമെ നിയോജകമണ്ഡലത്തിലെ സ്ഥിര താമസക്കാരും എന്നാല്‍ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിനു പുറത്തുള്ള സ്കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കും എം.എല്‍.എ അവാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളും ഫോട്ടോയും സ്കൂള്‍ പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ ജൂണ്‍ 15നകം മൂവാറ്റുപുഴ ബി.ആര്.സിയില്‍ നല്‍കണം.
മൂവാറ്റുപുഴ ബി.ആര്.സിയില്‍ നടന്ന ആലോചന യോഗത്തില്‍ വിദ്യാദീപ്തി ചെയര്മാന് എന്‍.അരുണ്‍ അധ്യക്ഷതവഹിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.


