കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം ഹൈക്കോടതി തടഞ്ഞു. വ്യാഴാഴ്ച പ്രസിദ്ധീകരിക്കേണ്ട കീം പരീക്ഷാ ഫലമാണ് കോടതി ഇടപെട്ട് തടഞ്ഞത്. എഞ്ചിനീയറിംഗ്, ഫാര്‍മസി, ആര്‍ക്കിടെക്റ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. സിബിഎസ്എ സ്കൂള്‍ മാനേജ്മെന്റുകളും വിദ്യാര്‍ത്ഥികളും നല്കിയ ഹര്ജിയിന്മേലാണ് കോടതി നടപടി.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കീം പരീക്ഷാഫലമോ റാങ്ക് ലിസ്റ്റോ പ്രസിദ്ധീകരിക്കരുതെന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത് പ്രവേശന പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കണം എന്നായിരുന്നു. അതിനു വിരുദ്ധമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തടയണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സിബിഎസ്ഇ അടക്കം വിവിധ ബോര്‍ഡുകള്‍ പ്ലസ് ടു പരീക്ഷ നടത്താത്തതിനാല്‍ പ്രവേശന പരീക്ഷയുടെ മാര്‍ക്കിനൊപ്പം പ്ലസ് ടുവിന്റെ മാര്‍ക്ക് കൂടി കണക്കാക്കി റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് വിവേചനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന്റെ മാനദണ്ഡം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.


