കാക്കനാട്: എറണാകുളം കളക്ടറുടെ വാഹനത്തിന് തടസം നിന്ന ആഡംബര വാഹനത്തിലെ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിനാണ് കളക്ടറുടെ വാഹനത്തിന് കുറുകെ വാഹനമിട്ട് പണി വാങ്ങിയത്. എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണനാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
കളക്ടറേറ്റില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആര്‍ടിഒ വാഹന നമ്പര്‍ ശേഖരിച്ച് ഡ്രൈവറെ കണ്ടെത്തി പിടികൂടി. ആശുപത്രി സേവനം നല്‍കണമെന്ന് ശിക്ഷയും നല്കി. എന്നാല്‍ തനിക്ക് അത് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് റമീസ് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെയാണ് വാഹനം ഓടിക്കാതെ കുറച്ചു നാള് വീട്ടിലിക്കാന്‍ പറഞ്ഞുകൊണ്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം സീപോര്‍ട്ട് എയര്‍പോര്‍ട്ട് സിഗ്നലില്‍ വെച്ചാണ് സംഭവം. കളമശ്ശേരി ഭാഗത്തുനിന്നു കാക്കനാട് സിഗ്നല്‍വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവില്‍ സ്റ്റേഷനിലേക്ക് വരുകയായിരുന്നു കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സഞ്ചരിച്ച കാര്‍. ആ സമയം ഇന്‍ഫോപാര്‍ക്ക് ഭാഗത്തുനിന്ന് വരികയായിരുന്ന ആഡംബര കാര്‍ സിഗ്നല്‍ ജംഗ്ഷനിലെ തിരക്ക് മറികടന്ന് കളക്ടറുടെ കാറിന എതിരെ വന്നു. ഹോണടിച്ച് കളക്ടറുടെ ഡ്രൈവര്‍ അറിയിപ്പ് നല്‍കിയെങ്കിലും വാഹനം കടന്നു പോകാന്‍ കഴിയാത്ത രീതിയില്‍ തടസം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ റോഡില്‍ കളക്ടര്‍ കുടുങ്ങി. അമിതവേഗത്തിലും തെറ്റായ ദിശയിലൂടെയുമായിരുന്നു ആഡംബര കാര്‍ എത്തിയത്.


