ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും. കേരളത്തിനു പുറമെ കർണാടക, തെലുങ്കാന, ലക്ഷദ്വീപ്, ഡല്‍ഹി, ഛത്തീസ്ഗഡ്, മേഘാലയ, ത്രിപുര, സിക്കിം, മണിപ്പുർ തുടങ്ങി പത്തിടത്തെ സ്ഥാനാർഥികളുടെ കാര്യത്തില്‍ ഇന്നലെ രാത്രി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി (സിഇസി) തീരുമാനമെടുത്തതായാണു സൂചന.
രാഹുല്‍ ഗാന്ധി വയനാട്ടിലും അമേഠിയിലും പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിക്കണമെന്നതില്‍ സിഇസി യോഗത്തില്‍ ഏകഭിപ്രായം ഉണ്ട്. എന്നാല്‍ അമേഠിക്കു പുറമെ രാഹുല്‍ കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലൊന്നില്‍ മത്സരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളിലെയും നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്നതില്‍ കേരള നേതാക്കളും ഉറച്ചുനിന്നു. എന്നാല്‍ യുപിയിലെ സ്ഥാനാർഥിനിർണയം ചർച്ച ചെയ്യുന്ന യോഗത്തിനുശേഷം രാഹുലിന്റെയും പ്രിയങ്കയുടെയും സീറ്റുകളുടെ പ്രഖ്യാപനം നടത്താനാണു ആലോചന.
പ്രവർത്തകസമിതി അംഗമായ രമേശ് ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവായി വിളിച്ചിരുന്നെങ്കിലും കേരളത്തിലെ സ്ഥാനാർഥികളുടെ കാര്യത്തില്‍ തർക്കമില്ലാത്തതിനാല്‍ അദ്ദേഹം ഒഴിവായി. കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള ഉന്നതാധികാര സമിതിയായ സിഇസിയുടെ ആദ്യ യോഗത്തില്‍ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും യോഗത്തിനായി നേരത്തെ ഡല്‍ഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സിഇസിക്കു മുന്നോടിയായി പ്രത്യേകം ചർച്ച നടത്തി.


