എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ എം. എ യൂസഫലി അനുശോചനമറിയിച്ചു. വളരെ ദു:ഖത്തോടെയാണ് എന്റെ ജ്യേഷ്ഠ സഹോദരനായ എം.പി. വീരേന്ദ്രകുമാര്‍ അവര്‍കളുടെ നിര്യാണവാര്‍ത്ത ഞാന്‍ അറിഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കോഴിക്കോട് വെച്ച് നടന്ന കേരള സാഹിത്യോത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ചായ കുടിച്ചതുംകെട്ടിപ്പിടിച്ച്ഉമ്മവെച്ചതും സുഖാന്വേഷണങ്ങള്‍ പറഞ്ഞതുംമറ്റുമാണ് എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. വയനാട്ടില്‍ നിന്നും കൊണ്ടുവന്ന സുഗന്ധദ്രവ്യങ്ങളായിരുന്നു അദ്ദേഹം അന്ന് എനിക്ക് സ്നേഹസമ്മാനമായിനല്കിയത്. ഞാന്‍ അദ്ദേഹത്തെ ദീര്‍ഘദൃഷ്ടിയുള്ള ഒരു സാമ്പത്തികശാസ്ത്രവിദഗ്ധന് എന്ന രീതിയിലായിരുന്നു കണ്ടിരുന്നത്.
അദ്ദേഹം രചിച്ച ‘ഗാട്ടും കാണാച്ചരടുകളും’, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും തുടങ്ങിയവ ലോകസാമ്പത്തിക രംഗത്ത് സംഭവിക്കാന്‍ പോകുന്നമാറ്റങ്ങളെപ്പറ്റി കൃത്യമായി വിവരിക്കുന്ന ഒരു റഫറല്‍ ഗ്രന്ഥമാണ്. എന്റെ ലൈബ്രറിയില്‍ അദ്ദേഹത്തിന്റെ രചനയായ ഹൈമവതഭൂവില്‍, രാമന്റെ ദു:ഖം ഉള്‍പ്പെടെയുള്ള പുസ്തകങ്ങളാണുള്ളത്. സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ എന്നതിനു പുറമേ കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ, മാധ്യമ രംഗങ്ങളിലെ പ്രഗദ്ഭനായ ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു ശ്രീ വീരേന്ദ്രകുമാര്‍ അവര്‍കള്‍. പലകാര്യങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ തേടാറുണ്ടായിരുന്നു.
ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭൗതികദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് അതിയായ ദു:ഖമുണ്ട്. അദ്ദേഹത്തിന് ദൈവം നിത്യശാന്തിനല്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യൂസഫലി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റിജീനല്‍ ഡയറക്ടര്‍ പി.പി. പക്കര്‍ കോയ , ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ എംപി വീരേന്ദ്രകുമാറിന്റെ വയനാട്ടിലെ വസതിയിലെത്തി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു .


