ജമ്മു ആൻഡ് കാശ്മീർ : ശ്രീനഗറിന് സമീപമുള്ള പരിംപോരയില്‍ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടാൽ. ഇവിടെ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സേനാംഗങ്ങള്‍ വെളിപ്പെടുത്തി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പൊലീസിൻ്റെയും സൈന്യത്തിൻ്റെയും പ്രത്യേക സംഘം പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. അതേസമയം ജമ്മു വിമാനത്താവളത്തില്‍ ഇന്നലെ നടന്ന സ്ഫോടനത്തിന് പിന്നാലെ ഇന്ന് വീണ്ടും ഡ്രോണ്‍ ആക്രമണത്തിന് ശ്രമമുണ്ടായി.
അതേസമയം ലഷ്കര്‍ ഇ തൊയ്ബ ഭീകരന് നദീം അബ്രാര്‍ അറസ്റ്റിലായി. ഇയാളുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. നിരവധിയാളുകളെ വധിച്ചിട്ടുളള കൊടുംഭീകരനാണ് അബ്രാറെന്നും ഇയാളെ പിടികൂടാനായത് വന്‍ വിജയമാണെന്നും കാശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.അബ്രാറില്‍ നിന്ന് പിസ്റ്റളും ഗ്രനേഡും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ ലഷ്കര്‍ ഭീകര സംഘടനയുടെ കമാന്‍ഡര്‍ ആയിരുന്നു.
ജമ്മുകശ്മീരിലെ രത്നചൗക്-കാലുചൗക് മേഖലകളിലാണ് ആര്‍ദ്ധരാത്രി രണ്ട് ഡ്രോണുകൾ പറന്നത്. ഡ്രോണുകൾക്ക് നേരെ സൈനികര്‍ വെടിയുതിര്‍ത്തു. ഇതേതുടര്‍ന്ന് ഇവ തിരിച്ചുപറന്നു. ജമ്മു വിമാനത്താവളത്തിന് സമാനമായ സ്ഫോടനം ഇവിടുത്തെ സേനാക്യാമ്പിൽ നടത്തുകയായിരുന്നു ലക്ഷ്യം എന്ന് സംശയിക്കുന്നതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പ്രദേശത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.


