മധുര: കൊവിഡ് ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച് തമിഴ്നാട്ടില്‍ ഒരാള്‍ മരിച്ചു. മധുര സ്വദേശിയായ പുരുഷൻ്റെ മരണകാരണം ഡെല്‍റ്റാ പ്ളസ് വകഭേദമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം.എ സുബ്രമണ്യം അറിയിച്ചു.
മൂന്ന് പേരില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് ഡെല്‍റ്റാ പ്ളസ് വകഭേദമാണെന്ന് കണ്ടെത്തി. ഇവരില്‍ രണ്ടുപേര്‍ക്ക് രോഗമുക്തി നേടാനായി. ഇതില്‍ ഒരാള്‍ ചെന്നൈയില്‍ നിന്നുളള 32 വയസുകാരിയായ നഴ്സും മറ്റൊരാള്‍ കാഞ്ചീപുരം സ്വദേശിയുമാണ്. മരണമടഞ്ഞയാളുടെ ബന്ധുക്കളില്‍ നടത്തിയ പരിശോധനയില്‍ അവരെല്ലാം കൊവിഡ് നെഗറ്റീവാണ്.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ പ്ളസ് വകഭേദങ്ങളില്‍ കൂടുതലും മഹാരാഷ്ട്രയിലാണ്. 20 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്, ജമ്മു കശ്മീര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജാഗ്രതപുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
രോഗം കണ്ടെത്തിയ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശമുണ്ട്. തമിഴ്നാട്ടില്‍ മധുര, കാഞ്ചീപുരം, ചെന്നൈ എന്നിവിടങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.


