പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞയും ചിന്തകയുമായ ഡോ. കെ ശാരദാമണി അന്തരിച്ചു. 93 വയസ്സായിരുന്നു. തിരുവനന്തപുരത്തെ അമ്പലമുക്കിലുള്ള വസതിയില്‍ ഇന്ന് വെളുപ്പിന് വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണ് അന്തരിച്ചത്. സംസ്കാരം മുട്ടത്തറ ശ്മാശനത്തില്‍ നടന്നു.
കൊല്ലത്ത് പട്ടത്താനം സ്വദേശിനിയായ ശാരദാമണി തിരുവനന്തപുരം വിമന്‍സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ഫ്രാന്‍സില്‍ നിന്നാണ് സാമൂഹ്യ ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയത്. ദീര്‍ഘകാലം ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്യോഗം വഹിച്ചിരുന്ന ശാരദാമണി ധാരാളം ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Emergence of a Slave Caste,Pulayas of Kerala, Women in paddy cultivation: A study in Kerala,Tamilnadu and West Bengal, Matriliny Transformed: Family law and Ideology in Twentieth Century Travancore, സ്ത്രീ, സ്ത്രീവാദം, സ്ത്രീവിമോചനം, മാറുന്ന ലോകം, മാറ്റുന്നതാര്, ഇവര്‍ വഴികാട്ടികള്‍ എന്നീ പുസ്തകങ്ങള്‍ രചിക്കുകയും The Scribe remembered — N.Gopinathan Nair — his life and times എന്ന പുസ്തകം എഡിറ്റ് ചെയ്യുകയും ചെയ്തു.
1950 കളില്‍ ജനയുഗം പത്രത്തില്‍ എഴുതിത്തുടങ്ങിയ ശാരദാമണി, നിഖില്‍ ചക്രവര്‍ത്തിയുടെ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മെയിന്‍ സ്ട്രീം വാരികയില്‍, ദീര്‍ഘകാലം രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക വിഷയങ്ങളെപ്പറ്റി കോളം കൈകാര്യം ചെയ്തിരുന്നു. അവസാന ദിനങ്ങള്‍ വരെ തനിക്ക് ചുറ്റുമുള്ള രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്ന അവര്‍ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശക്തമായി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിച്ചിരുന്നു.
ജനയുഗത്തിന്റെ സ്ഥാപക പത്രാധിപരും, ദി പാട്രിയട്ട്, യുഎന്‍ഐ എന്നിവയുടെ ഡല്‍ഹിയിലെ ലേഖകനുമായിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തക ന്, ജനയുഗം ഗോപി എന്നറിയപ്പെടുന്ന എന്‍ ഗോപിനാഥന് നായരുടെ സഹധര്‍മ്മിണിയാണ്. മക്കള്‍: ന്യൂറോ സയന്റിസ്റ്റ് ഡോ. ആശ, ജെഎന്‍യുവിലെ അധ്യാപികയും ഇപ്പോള്‍ കേരളാ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (കെസിഎച്ച്ആര്‍) ഡയറക്ടറുമായ ഡോ. അരുണിമ എന്നിവര്‍.


