ഇടുക്കി: ഇടുക്കി കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരൻ (63) ആണ് കൊലപ്പെട്ടത്. സുകുമാരന്റെ പിതാവിന്റെ സഹോദരിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ പൊള്ളലേറ്റ ഇവരെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പിതൃസഹോദരിയുടെ സ്വർണം സുകുമാരൻ വാങ്ങി വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ടോടുകൂടിയാണ് തങ്കമ്മ വീട്ടിലെത്തുന്നത്. കൈയിൽ കരുതിയിരുന്ന ആസിഡ് സുകുമാരന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സുകുമാരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.


