പെരുമ്പാവൂര്‍: മുടിക്കല്‍ ചിറയിന്പാടത്ത് കുളത്തില്‍ കാല്‍വഴുതി വീണ് എട്ട് വയസുകാരന് മരിച്ചു. മുടിക്കല്‍ പുന്നക്കാട്ട് വീട്ടില്‍ ഷിഹാബിന്റെ മകന് അലി ഇംറാനെയാണ് കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് സ്ക്കൂള് വിട്ട് വന്നതിന് ശേഷം ഫുട്ബോള്‍ കളിക്കാന്‍ ചിറയന്‍പാടം ഗ്രൗണ്ടില്‍ എത്തിയിരുന്നു. കളി കഴിഞ്ഞ് എല്ലാവരും മടങ്ങിയെങ്കിലും വൈകിട്ട് ആറരയായിട്ടും വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ട് എട്ടരയോടെ കുട്ടിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.
മറ്റുളള കുട്ടികള്‍ പോയതിന് ശേഷം ബോള്‍ കുളത്തില്‍ പോയത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി കുളത്തിലേക്ക് വീണതാകാമെന്ന് നാട്ടുകാര്‍ പറഞ്ഞു. മുടിക്കല്‍ ഷറഫിയ സ്ക്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് അലി ഇംറാന്‍. പിതാവ് കളമശേരി എന്‍ എഡി സ്വദേശിയാണെങ്കിലും മുടിക്കല്‍ സ്വദേശിയായ മാതാവ് നജിതയുടെ വീടീന് സമീപത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇഷാന, ഇസ്മത്ത് എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം സാന്‍ജോ ആശുപത്രിയില്‍. കബറടക്കം ബുധനാഴ്ച നടക്കും.

