ത്രിപ്പൂണിത്തുറ: സിപിഎം ഉദയംപേരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി ടി.എസ്.പങ്കജാക്ഷനെ പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂര്‍ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ പത്രമിടാന്‍ വന്നയാളാണ് വിവരം മറ്റുള്ളവരെ അറിയിക്കുന്നത്. ഫോറന്‍സിക് സംഘം എത്തിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കടബാധ്യതകളാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചനകള്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് പങ്കജാക്ഷനും ഭാര്യ ഭാസുരദേവിയും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ജീവനക്കാരനായിരുന്ന പങ്കജാക്ഷന് ഏതാനും വര്‍ഷം മുമ്പാണ് ഇവിടെനിന്നു വിരമിച്ചത്. ഐഒസിയിലെ യൂണിയന് ഭാരവാഹിയുമായിരുന്നു.


