പത്തനംതിട്ട: കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ആങ്ങുമുഴി കലപ്പമണ്ണിൽ മായയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രിക്കെതിരെ രംഗത്തെത്തി.
എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മായയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് സ്കാനിങ്ങിന് വിധേയമാക്കുകയും ഈ സ്കാനിങ്ങിൽ ആദ്യ ശസ്ത്രക്രിയയിൽ ഉടലിൽ മുറിവുണ്ടായതായി കണ്ടെത്തി. തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. ഈ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില വീണ്ടും ഗുരുതരമാവുകയും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.
ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് ബന്ധുക്കൾ ആറന്മുള പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മായയുടെ ഭർത്താവ് രാജു കലപ്പമണ്ണിൽ, ശിരത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങുമുഴി വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ്.
രോഗി ഏറെ സങ്കീർണകതകളിലൂടെയാണ് കടന്നുപോയത് എന്നുള്ളതാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഈ സങ്കീർണതകളെല്ലാം തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നതായും അവർ പറയുന്നു. ചികിത്സയുടെ ഭാഗമായി അടിയന്തര ഘട്ടത്തിലാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയതെന്നും പി.ആർ.ഒ. വിശദീകരിച്ചു. ബന്ധുക്കളുടെ പരാതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഹകരിക്കുമെന്നും മാനേജ്മെന്റിനു വേണ്ടി പി.ആർ.ഒ. വ്യക്തമാക്കി.


