ഇടുക്കി: കുമളിയില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശിയായ റോയി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ആത്മഹത്യയാണോ എന്ന് പൊലീസിന് സംശയമുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയി ആത്മഹത്യ ചെയ്തതാവാം എന്നാണ് വിലയിരുത്തല്‍. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ കാര്യം സ്ഥീരികരിക്കുക. സംഭവം നടന്ന സ്ഥലത്തെ റോഡിന്റെ അരികിലായാണ് കാര്‍ ഉള്ളത്. പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കൊട്ടാരക്കര – ദിണ്ടിഗല്‍ ദേശീയപാതയിലായിരുന്നു അപകടം. കാറിന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനാണ് ആദ്യം അപകടം കണ്ടത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് ബൈക്ക് യാത്രികന് കാറിനടുത്ത് എത്തുന്നത്. ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് യാത്രക്കാരന് ചാടിയിറങ്ങി ഡ്രൈവിങ് സീറ്റിലെ ഗ്ലാസ് പൊട്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി തീ അണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.


