കൊച്ചി: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റായ മുഹമ്മദ് അറസ്റ്റിൽ.
കോളേജിലെ മൂന്നാം വർഷ അറബിക് ബിരുദ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ വടുതല സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. കൊലാപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ നിർദ്ദേശ അനുസരിച്ചാണ് മറ്റ് പ്രതികൾ ക്യാന്പസിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ നേരിട്ട് പങ്കാളിയായ കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റിഅംഗവും ബി.ടെക് വിദ്യാർത്ഥിയുമായ ആലുവ ചുണങ്ങംവേലി സ്വദേശി ആദിലിനെ (20) അന്വേഷണസംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
മഹാരാജാസ് കോളേജിന്റെ പിന്നിലുള്ള ഗേറ്റിന് സമീപത്തെ ചുവർ എഴുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷമാണ് അഭിമന്യുവിന്റെ കൊലയിൽ കലാശിച്ചത്. ചുവരിൽ നവാഗതരെ വരവേൽക്കാനായി എസ്.എഫ്.ഐ പ്രവർത്തകർ ബുക്ക്ഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇവിടെ മുഹമ്മദിന്റെ നേതൃത്വത്തിൽ പോസ്റ്ററൊട്ടിച്ചു. ഇതിനെ എസ്.എഫ്.ഐ പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. വാക്കുതർക്കം അവസാനിപ്പിച്ച് മുഹമ്മദിന്റെ നേതൃത്വത്തിലുള്ളവർ മടങ്ങി. പിന്നീട് രാത്രിയിൽ പത്തിലേറെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികൾ അഭിമന്യുവിനെ അടിച്ചുവീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. ഈ അക്രമികൾ തന്നെയാണ് അഭിമന്യുവിന്റെ സുഹൃത്ത് അർജുനെയും കുത്തിയതെന്ന് പൊലീസ് പറയുന്നു.
മുഹമ്മദിനെ കൂടാതെ നാല് പേർ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.


