മൂവാറ്റുപുഴ: പി.ഡബ്ല്യു.ഡി. വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന മൂവാറ്റുപുഴ പടിഞ്ഞാറേച്ചാലില്‍ എം.എ. ഉമ്മര്‍ (74) അന്തരിച്ചു. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കവേയാണ് ചൊവ്വാഴ്ച രാത്രി 10:55നാണ് അന്ത്യം സംഭവിച്ചത്. ഭാര്യ: ഖദീജ. മക്കള്‍: സജി (റിയാദ്), സീമ (മൂവാറ്റുപുഴ), സിമി (കോട്ടയം). മരുമക്കള്‍: സഫ്ന (കാക്കനാട്), ബഷീര്‍, സാബിര്‍. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12:30ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മൂവാറ്റുപുഴയുടെ കലാ-കായിക-സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിന്നിരുന്ന ഉമ്മര്‍, പി.ഡബ്ള്യു.ഡി. ഉമ്മര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വന്തം പേരിനൊപ്പം താന്‍ ജോലി ചെയ്തിരുന്ന വകുപ്പും ഇനിഷ്യല്‍ പോലെ ചേര്‍ത്തു വിളിക്കപ്പെട്ട അത്യപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാളായിരുന്നു ഉമ്മര്‍. ദീര്‍ഘകാലം മേളയുടെ കമ്മറ്റിയംഗമായും വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളിലും കര്‍മ്മനിരതനായ ഇദ്ദേഹം അല്പ കാലം പ്രസിഡന്റിന്റെ താത്കാലിക ചുമതലയും വഹിച്ചു.
വിദ്യാര്‍ത്ഥിയായിരിക്കെ ഫുട്ബോളിലും എന്‍.സി.സി.യിലും മികവ് തെളിയിച്ച ഇദ്ദേഹം പട്ടണത്തിലെ ആദ്യകാല ഫുട്ബോള്‍ ക്ലബ്ബായ ഫിഷ് കോര്‍പറേഷന്റെ മുഖ്യ കളിക്കാരനായിരുന്നു. സൈക്കോ സ്പോര്‍ട്ട്സ് ക്ലബ്ബിലും സജീവമായിരുന്നു. മൂവാറ്റുപുഴ കാര്‍ഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റായും എം.എ. ഉമ്മര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നഗരത്തില്‍ നടന്നിരുന്ന ഫ്ലവര്‍ ഷോ, എക്സിബിഷനുകള്‍, ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ തുടങ്ങി ഏത് പൊതുപരിപാടികളുടെയും സംഘാടകരില്‍ ഒരാളായി എം.എ.ഉമ്മര്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു. നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജംഗ്ഷന്റെ വികസനത്തിനായി പണിപ്പെട്ടവരില്‍ ഉമ്മറിന്റെ പേരും ചേര്‍ത്തു വയ്ക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന് ശേഷം പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സില്‍ അല്പകാലം ജോലി ചെയ്തുവെങ്കിലും തുടര്‍ന്നില്ല. പിന്നീട് പി.ഡബ്ല്യു.ഡി. വകുപ്പില്‍ ജോലി നേടിയ ഇദ്ദേഹം ഓവര്സീയറായാണ് വിരമിച്ചത്.


