കോവിഡ് രോഗിയെ സംസ്കരിച്ച് മടങ്ങിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുഴഞ്ഞു വീണു മരിച്ചു. കൊല്ലം പുനലൂര്‍ ഇളമ്പല്‍ താന്നിത്തടം സ്വദേശി അനില്‍ ഭാസ്കര്‍ ആണ് മരിച്ചത്. 36 വയസ്സായിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് ഇളമ്പല്‍ താന്നിത്തടം ചരുവിള വീട്ടില്‍ അനില്‍ ഭാസ്കര്‍ മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ച താന്നിത്തടം സ്വദേശിയായ രഘുനാഥ പിള്ളയുടെ മൃതദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസ്കരിച്ചു മടങ്ങിയ അനില്‍, വീട്ടിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുളി കഴിഞ്ഞ് വീട്ടിലേക്ക് പ്രവേശിച്ചപ്പോഴാണ് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മോനിഷയാണ് ഭാര്യ. 8 വയസുകാരന് അമല്‍ മകനാണ്.


