കോട്ടയം: വിവാദ പ്രസ്ഥാവനക്ക് പിന്നാലെ ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കോട്ടയം മുട്ടുചിറയിലെത്തി വന്ദനയുടെ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. അന്ത്യോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ വീണാ ജോര്‍ജ് മടങ്ങി. വന്ദനയുടെ പരിചയസമ്പത്തുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ചില മാധ്യമങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് വീണ ജോര്‍ജിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തതെന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇന്നലെ പുലര്‍ച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി വൈദ്യ പരിശോധനയ്ക്കിടെ ഡോ. വന്ദനയെ(25) കൊലപ്പെടുത്തിയത്. നെടുമ്പന ഗവ. യു.പി സ്കൂള്‍ അധ്യാപകനായ വെളിയം ചെറുകരണക്കോണം ശ്രീനിലയത്തില്‍ സന്ദീപ് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് മാനസിക അസ്യാസ്ഥ്യമുള്ളതായിട്ടാണ് പൊലീസിന്റെ പ്രാഥമിക വിവരം.കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വന്ദനയുടെ ഇന്നലെ രാത്രി എട്ട് മണിയോടെ മുട്ടുചിറയിലെ വീട്ടിലെത്തിച്ചിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കോട്ടയം മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക
സമൂഹത്തിലെ നാനാതുറയിലുള്ളവരടക്കം വന്‍ ജനാവലിയാണ് വന്ദന അവസാനമായി കാണാന്‍ മുട്ടുചിറയിലെത്തിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. എല്ലായിടങ്ങളിലും നിരവധി പേരാണ് വന്ദനയെ അവസാനമായി കാണാനെത്തിയത്.


