മനുഷ്യസ്നേഹിയായ യുവാവിന്റെ വേർപാടിൽ പ്രവാസ ലോകം. ആർക്കും എന്താവശ്യത്തിനും ഏതു നിമിഷവും വിളിക്കാൻ സാധിക്കുന്ന നിധിന്റെ വേർപ്പാടാണ് (28) ഇപ്പോൾ പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. രക്തദാനത്തെ സ്നേഹിക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ ടീമിന്റെ അമരക്കാരിലൊരാളായിരുന്നു നിധിൻ. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് മരിച്ച യുവാവ് നിധിൻ. തിങ്കളാഴ്ച പുലർച്ചെ ഷാർജയിലെ താമസയിടത്ത് ഇയാളെ ഹൃദയാഘാതംമൂലം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തന്റെ അസുഖത്തെ മറന്ന് സഹജീവികൾക്ക് കൊവിഡ് കാലത്തുപോലും രക്തവും, ഭക്ഷണവും, മരുന്നും, മറ്റ് സഹായങ്ങളും എത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹം. ഗർഭിണിയായ ഭാര്യ ആതിര യുഎഇ യിൽ നിന്നുമുളള ആദ്യ വിമാനത്തിലേയ്ക്കു നാട്ടിലേക്ക് പോയെങ്കിലും ഭാര്യയോടൊപ്പം യാത്രചെയ്യാനുളള അവസരം, കൂടുതൽ അർഹനായ ആളിന്റെ യാത്രക്കായി ഒഴിഞ്ഞുനൽകുകയായിരുന്നു.
ഇദ്ദേഹവും ഭാര്യയും ചേർന്നു നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് വിദേശത്തു നിന്നും മുഴുവൻ ഗർഭിണികൾക്കും കേരളത്തിൽ എത്താൻ വഴിയൊരുങ്ങിയത്. ഇത്തരത്തിൽ നാടിനു മുഴുവൻ സേവനം ചെയ്തിരുന്ന ഒരു യുവാവാണ് പ്രവാസ ലോകത്ത് മരണപ്പെട്ടിരിക്കുന്നത്. ഇൻകാസ് യൂത്ത് ലീഗ് വഴിയാണ് നാട്ടിലേയ്ക്കു എത്താനുള്ള ഗർഭിണികളുടെ ആഗ്രഹം നിധിനും സംഘവും ചേർന്നു സാധിച്ചു നൽകിയത്. ഗർഫിൽ മലയാളികൾക്കിടയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും നിധിൻ സജീവമായിരുന്നു.


