കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കുഴിമന്തി കഴിച്ച് മരണം. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതിയെന്ന 19കാരിയാണ് മരിച്ചത്. കാസര്‍കോട്ടെ റമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. എങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹോട്ടലില്‍ നിന്നുപം ഭക്ഷണം കഴിച്ച കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്കി. പുതുവര്‍ഷ ദിവസം മുതല്‍ പെണ്‍കുട്ടി ചികിത്സയിലായിരുന്നു. നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റിയത്.
ജനുവരി ഒന്നിനാണ് പെണ്‍കുട്ടി ഓണ്‍ലൈനില്‍ കുഴിമന്തി ഓര്‍ഡര്‍ ചെയ്ത് കഴിച്ചത്. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. കാസര്‍കോട്ടെ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ മംഗലാപുരത്താണ്.
മംഗലാപുരത്ത് പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ കാസര്‍കോട് പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി അവശനിലയിലായതെന്ന് വിവരം ലഭിച്ചു. കോട്ടയത്ത് നഴ്സിന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടുമൊരു മരണം ഉണ്ടായത്. അതേസമയം സംസ്ഥാനത്ത് നടക്കുന്നത് പരിശോധനാ പ്രഹസനങ്ങളാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.