കോഴിക്കോട് ഹോട്ടൽ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും. ഹോട്ടല്‍ അടച്ച് പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു.രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ വീഴ്ച കോര്പ്പറേഷന് പരിശോധിക്കും. മാലിന്യം നീക്കം ചെയ്യുന്നതടക്കം കോര്‍പറേഷനില്‍ അറിയിപ്പ് കിട്ടിയിട്ടില്ല. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് ഫോറൻസിക് വിഭാഗം ടാങ്കിലെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം അപകടത്തില്‍ മരിച്ച റിനീഷിന്റെയും അശോകന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് മെഡിക്കല്‍ കോളേജില്‍ നടക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ.കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മാലിന്യ ടാങ്കുകളിൽ ദാരുണമായി ശ്വാസംമുട്ടി മരിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഒക്സിജൻ മാസ്ക്കുമായി ഇറങ്ങിയാണ് വളരെ ഇടുങ്ങിയ മാലിന്യ ടാങ്കിൽ നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.


