കോഴിക്കോട്: ഉണ്ണിക്കണ്ണനായി കുഞ്ഞ് മുഹമ്മദ് യഹ്യാനെയും ഒരുക്കി വീല്‍ച്ചെയറിലിരുത്തി ഉമ്മ എത്തിയതോടെ ഏഴ് വയസ്സുകാരനെപ്പോലെ തന്നെ കാണികളിലും സന്തോഷം തിരതല്ലി. ഭിന്നശേഷികാരനായ വെസ്റ്റ്ഹില്‍ സ്വദേശി മുഹമ്മദ് യഹ്യാനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ശോഭാ യാത്രയില്‍ മഞ്ഞപ്പട്ടുടുത്ത് തലയില്‍ മയില്‍പ്പീലിയും അണിഞ്ഞ് ഉണ്ണിക്കണ്ണനായി ഉമ്മയ്ക്കൊപ്പം എത്തിയത്.
യഹ്യാന് ആദ്യാനുഭവമായിരുന്നു ശോഭായാത്ര. മുഹമ്മദ് യഹ്യാന് ജന്മനാ ഉള്ളതാണ് വൈകല്യം. ഇപ്പോള്‍ മൂന്നാം ക്ലാസിലാണ്. നടക്കാന്‍ പ്രയാസമാണ്.മുന്‍ വര്‍ഷങ്ങളില്‍ റോഡരികില്‍ നിന്ന് മാത്രം കണ്ടിട്ടുള്ള ശോഭായാത്രയില്‍ അവനും പങ്കെടുക്കണം എന്നൊരു ആഗ്രഹം പറഞ്ഞപ്പോള്‍ ഉമ്മ ഒപ്പം നിന്നു.
മകന് എന്ത് പറഞ്ഞാലും തങ്ങളാല്‍ ആവുന്നതാണെങ്കില്‍ നടത്തിക്കൊടുക്കുമെന്ന് ഉമ്മ പറയുമ്പോള്‍ യഹ്യാന്റെ മുഖത്ത് ആയിരം പൂര്ണചന്ദ്രന്മാര് തെളിയും. അവന്റെ മുഖത്തെ ചിരിയാണ് തങ്ങളുടെ സന്തോഷമെന്ന് ഉമ്മ ഫരീദ.
വലുതാകുമ്പോള്‍ സയന്റിസ്റ്റാകണമെന്നാണ് മുഹമ്മദ് യഹ്യാന്റെ സ്വപ്നം. യഹ്യായാന‍്റെ മസിലുകള്‍ക്കാണ് പ്രശ്നം. ഇപ്പോള്‍ ചികിത്സയിലാണ്. ചികിത്സ ഫലം കാണുമെന്നും കുട്ടിക്ക് നടക്കാനാകുമെന്നും ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. അതു കൊണ്ട് തന്നെ അടുത്ത തവണ വീല്‍ ചെയര്‍ വീട്ടില്‍ വെച്ച്, നടന്നല്ല ഉണ്ണിക്കണ്ണനായി ഓടി വരുമെന്ന് പറഞ്ഞാണ് യഹ്യാന് പോകുന്നത്.