ഇന്റര്‍നെറ്റില്‍ വിവരങ്ങളുടെ പ്രളയമാണെന്നും അതില്‍നിന്ന് ശരിയായവ തെരഞ്ഞെടുക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ശ്രമിക്കണമെന്നും പ്രശസ്ത ചിത്രകാരി സജിത ആര് ശങ്കര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുയായിരുന്നു അവര്‍.
പരിഷത്തിന്റെ യുറീക്കയുള്പ്പെടെയുള്ള മാസികകളും പുസ്തകങ്ങളും ശരിയായ ശാസ്ത്രവീക്ഷണം പകര്‍ന്നുകൊടുക്കാന്‍ എഴുപതുകള്‍ മുതല്‍ ഏറെ സഹായിച്ചിട്ടുണ്ട്. അവ തന്റെ വളര്‍ച്ചയിലും വിലയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ആ സ്വാധീനം ഇന്ന് ഇന്റര്‍നെറ്റ് മേഖലയിലൂടെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
പരിഷത്തിന്റെ രൂപവത്കരണ ദിനമായ സെപ്റ്റംബര്‍ 10 മുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച പരിഷത്ത് പ്രസിഡന്റ് ഒ എം ശങ്കരന് അറിയിച്ചു. പരിഷത്തിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. സയന്‍സ് കേരള എഡിറ്റര്‍ പി.എസ്. രാജശേഖരന്, സംസ്ഥാന സെക്രട്ടറി നാരായണന് കുട്ടി, നിര്‍വാഹകസമിതി അംഗങ്ങളായ സന്തോഷ് ഏറത്ത്, എസ്. സിന്ധു, ജില്ലാ സെക്രട്ടറി എസ്. എല്‍. സുനില്‍കുമാര്‍, തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ആര്. ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പി. ഗോപകുമാര്‍ സ്വാഗതവും കല-സംസ്കാരം സമിതി കണ്‍വീനര്‍ കെ. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. പ്രശസ്ത ചിത്രകാരനായ ഗോഡ്ഫ്രെ ദാസാണ് സുവര്‍ണജൂബിലി ലോഗോ രൂപകല്പന ചെയ്തത്.


