ബെയ്റൂട്ട്∙ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അൽ ബഗ്ദാദിയെ യുഎസ് സൈന്യം വധിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്).
രഹസ്യ വിവരങ്ങൾ കൈമാറുന്ന ചിലർ ശേഖരിച്ച ബഗ്ദാദിയുടെ അടിവസ്ത്രമാണു ഓപ്പറേഷനിൽ നിർണായകമായതെന്നാണു വെളിപ്പെടുത്തൽ.
ഇതുപയോഗിച്ചു ഡിഎൻഎ പരിശോധന നടത്തിയാണ് അബൂബക്കർ അൽ ബഗ്ദാദിയെ തിരിച്ചറിഞ്ഞതെന്നും എസ്ഡിഎഫിന്റെ ഉപദേശകൻ തിങ്കളാഴ്ച വ്യക്തമാക്കി.
യുഎസ് സേന സൈനിക നീക്കം നടത്തുന്നതിനു മുൻപു ലക്ഷ്യമിടുന്നത് അബൂബക്കർ അൽ ബഗ്ദാദിയെ തന്നെയാണന്നു 100 ശതമാനം ഉറപ്പിക്കുന്നതിനായിരുന്നു ഡിഎൻഎ പരിശോധന. ഇതിനു ശേഷം സൈനിക നീക്കം ആരംഭിച്ചു– കുർദുകൾ നയിക്കുന്ന എസ്ഡിഎഫിന്റെ ഉപദേശകൻ പൊലാറ്റ് കാൻ ട്വിറ്ററില്‍ കുറിച്ചു.
ഞങ്ങളുടെ ആൾക്കാർക്കു ബഗ്ദാദിയുടെ താമസസ്ഥലത്തു വരെ എത്താൻ സാധിച്ചിരുന്നു. ഇവിടെ നിന്നാണ് ബഗ്ദാദിയുടെ അടിവസ്ത്രം ശേഖരിച്ചത്. പല തവണയായി ബഗ്ദാദി വീടുകൾ മാറിയിരുന്നു. ജെറാബലസിലുള്ള മറ്റൊരു സ്ഥലത്തേക്കു താമസം മാറാൻ തയാറെടുക്കുന്നതിനിടയായിരുന്നു ആക്രമണം.
ബഗ്ദാദിയെ ഇല്ലാതാക്കാനുള്ള തീരുമാനം ഒരു മാസം മുൻപേ എടുത്തതാണ്. എന്നാൽ യുഎസിന്റെ പിൻവാങ്ങലും തുർക്കിയുടെ കടന്നുവരവും ഞങ്ങളുടെ നീക്കങ്ങളെ തടസ്സപ്പെടുത്തി. ബഗ്ദാദിയെ പിന്തുടരുന്നതിലും തടസ്സം നേരിട്ടു. തുർക്കിയുടെ ആക്രമണം ബഗ്ദാദിക്കെതിരായ ഓപറേഷനും മന്ദഗതിയിലാക്കി.
ആക്രമണം വിജയകരമാക്കുന്നതിൽ അവസാന മിനിറ്റുവരെ ഞങ്ങളുടെ ഇടപെടലുണ്ടായിരുന്നു. ബാരിഷ ഗ്രാമത്തിനു ചുറ്റുമായി വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന ദായിഷ് (ഐഎസ്) സായുധ വിഭാഗങ്ങളുണ്ട്. ഇവരുടെ കേന്ദ്രങ്ങളെല്ലാം സൈനിക നീക്കത്തിനിടെ ലക്ഷ്യമിട്ടു– പൊലാറ്റ് കാൻ വ്യക്തമാക്കി.