പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പൂഞ്ഞാര്‍ തലനാട് നെല്ലുവേലില്‍ വീട്ടില്‍ ആഷിഷ് സോണി (26)യെയാണ് പോലീസ് പിടികൂടിയത്. ചിങ്ങവനം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ബിന്‍സ് ജോസഫാണ് പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രതി പെണ്‍കുട്ടിയുമായി അടുക്കുന്നത്.
നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ആഷിഷ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പരും, സോഷ്യല്‍ മീഡിയ അക്കൗണ്ടും കരസ്ഥമാക്കിയ പ്രതി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്നു കുട്ടിയോട് വിവാഹ വാഗ്ദാനം നല്കി ഇയാള്‍ ചിങ്ങവനത്തിനടുത്തുള്ള കുറിച്ചി ഭാഗത്തെ കപ്പത്തോട്ടത്തില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസിലെ പ്രതിയായ ആഷിഷ് പാലാ, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കളമശേരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ബൈക്ക് മോഷണം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. പെണ്‍കുട്ടി പരാതി നല്കിയ വിവരം അറിഞ്ഞ പ്രതി തലനാട് ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് പിടിയിലാകുന്നത്.


