മലപ്പുറം: പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടർന്നുള്ള യുവാവിന്റെ അക്രമണം അതിരുവിട്ടതോടെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ചങ്ങരംകുളം കോക്കൂരിലാണ് സംഭവം. ജുനൈദ് എന്ന യുവാവ് അയല്‍വാസിയായ യുവതിയോട് നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് വിസമ്മതിച്ചതിന്റെ പേരില്‍ പല തവണ യുവതിയെ ശാരീരികമായി അക്രമിച്ചിട്ടുമുണ്ട്. ചങ്ങരംകുളം പോലീസില്‍ ഇതിനു മുമ്പും യുവതി പലതവണ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്തിരുന്നെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും യുവതിയെ അക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവാവ് വീട്ടില്‍ കയറിയും അക്രമം നടത്തിയതായി പെൺകുട്ടിയുടെ വീട്ടുക്കാർ പറഞ്ഞു.
യുവതിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ,മൊബൈലില്‍ വിവാഹത്തിന് സമ്മതമാണെന്ന് റൊക്കോര്‍ഡ് ചെയ്യിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും മലപ്പുറം എസ്പിക്ക് കൊടുത്ത പരാതിയില്‍ പറയുന്നു.യുവാവിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എന്നും നിലവിൽ റൗഡി കേസ് ഉൾപ്പടെ നാല് കേസുകൾ ഇയാൾക്ക് എതിരെ എടുത്തതായും ചങ്ങരംകുളം സി ഐ ബഷീർചിറക്കൽ അറിയിച്ചു
ഞായറാഴ്ച്ച പുലര്‍ച്ചെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.
ഈ യുവാവ് പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. യുവതിക്ക് നിയമസഹായം നല്കുന്ന ബന്ധു നൗഷാദിനെയും യുവാവ് അക്രമിച്ചു. ഇയാളെ വധിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.


