കണ്ണൂര്‍: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവായ അധ്യാപകന്റെ കൂട്ടാളിയെ പൊലിസ് രക്ഷിക്കുന്നുവെന്ന് ആക്ഷേപം. തന്നെ മറ്റൊരാള്‍ക്കും കാഴ്ചവച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന രണ്ടാമനെ പൊലിസ് അറസ്റ്റുചെയ്യാത്തതാണ് പുതിയ വിവാദമാകുന്നത്. പെണ്‍കുട്ടി ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടും പൊലീസ് രണ്ടാമനെ പിടികൂടാന്‍ ശ്രമിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.
കുട്ടിയുടെ മാതാവ് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ഇതോടെ തലശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിച്ചിരുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രതിയായ ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന് ഒരാഴ്ച മുമ്പാണ് അറസ്റ്റിലായത്. പൊലീസ് പലകുറി കുട്ടിയില്‍ നിന്ന് മൊഴിയെടുത്തപ്പോഴാണ് മറ്റൊരാള്‍ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്.