മാധവന്‍കുട്ടി
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വിജിലന്‍സിന്റെ നിര്‍ണ്ണായക നീക്കം. റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതിയില്‍നിന്നും അന്വേഷണ സംഘം അനുമതി വാങ്ങി. ബുധനാഴ്ച രാവിലെ 10മുതല്‍ ഒരുമണിവരെ സൂരജിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. കേസിലെ നാലാം പ്രതിയായ സൂരജിനെ മാത്രം ചോദ്യം ചെയ്യാനുള്ള അപേഷയാണ് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ എല്‍ ആര് തമ്പാന് മുഖേനെ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്. വിജിലന്‍സ് ഡിവൈഎസ്പി ആര്. അശോക് കുമാറിനാണ് ചോദ്യം ചെയ്യാനുള്ള അനുമതി വിജിലന്‍സിന് കോടതി ജഡ്ജ് ഡോ. ബി. കലാംപാഷ നല്‍കിയത്.
ചോദ്യം ചെയ്യലിനായി വിജിലന്‍സിന് സംഘം പ്രത്യേക ചോദ്യാവലി തന്നെ തയാറാക്കുന്നുണ്ട്. റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി നല്കിയ പശ്ചാത്തലത്തില്‍ തന്നെയാണ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയുള്ള ചോദ്യം ചെയ്യല്‍. ഉന്നതരുടെ നിര്‍ദ്ദേശത്തോടെ തന്നെയാണ് പുതിയ നീക്കം. ഇതിന് ശേഷമാവും ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നല്‍കുന്നതടക്കമുള്ള നിര്‍ണ്ണായക തീരുമാനത്തിലേക്ക് അന്വേഷണ സംഘം കടക്കുക. .
വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നല്‍കും. മുന്‍ മന്ത്രി കഴിഞ്ഞ തവണ നല്കിയ മൊഴിയില്‍ നിരവധി പഴുതുകള്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയതടക്കമുള്ള തെളിവുകളും ശേഖരിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പഴുതുകളടച്ചുള്ള ചോദ്യം ചെയ്യല്‍ വേണം എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. ഇതിനെ തുടര്‍ന്നാണ് കരാര്‍ രേഖകളെല്ലാം വിശദമായി പരിശോധിച്ച് ചോദ്യാവലി തയ്യാറാക്കുന്നത്.
ഇതിനിടെ പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണം തടയാന്‍ താല്പര്യമില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്കി. ടി. ഒ സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍ കേസില്‍ അകത്തും പുറത്തുമുള്ള വമ്പന്‍ സ്രാവുകള്‍ക്ക് തിരിച്ചടിയാവും.



